Mar 29, 2013

കമ്മ്യൂണിസ്റ്റുകൾ ചരിത്രം പഠിക്കേണ്ടതില്ലേ..?

കമ്മ്യൂണിസ്റ്റുകൾ ചരിത്രം പഠിക്കേണ്ടതില്ലേ..?
ഇങ്ങനെയൊരാശങ്ക പങ്കുവെയ്കേണ്ടി വന്നത് ‘നേർ രേഖ’എന്ന ചർച്ചാ ഗ്രൂപ്പിലെ ചില കമന്റുകൾ കണ്ടതിനാലാണ്(..http://www.facebook.com/groups/nerrekha/) കമ്മ്യൂണിസ്റ്റു വിശ്വാസികൾ ഒന്നടങ്കം പറഞ്ഞുവെക്കുന്നൊരു കാര്യം-മാറു മറക്കാനുള്ള അവകാശം,വഴി നടക്കാനുള്ള അവകാശം,വിദ്യാഭ്യാസത്തിനുള്ള അവകാശം,കുടികിടപ്പവകാശം--എന്നിത്യാതി അവകാശങ്ങൾ നേടിത്തന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയും അവരുടെ ഭരണകൂടവുമാണന്ന് ശങ്കയില്ലാതെ പ്രഖ്യാപിക്കുന്നു.ഇതെത്രമാത്രം വസ്തുതാപരമാണന്ന് പാർട്ടി ക്ലാസ്സുകളും-പാർട്ടി സാഹിത്യവും മാത്രം ശീലിച്ചവരോട് തർക്കിച്ചിട്ട് കാര്യമില്ല.അതുകൊണ്ടാണ് ഈ പോസ്റ്റ്.
മാറുമറക്കാനുള്ള അവകാശം:
         19-)0 നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ തിരുവിതാംകൂറിൽ ബ്രിട്ടിഷ്കാർ മതവൽക്കരണവും തുടങ്ങി.1807-ലാണ് കന്യാകുമാരിക്കടുത്ത് മൈലാടി എന്നസ്ഥലത്ത് എൽ എം എസ് പള്ളി സ്ഥാപിക്കുന്നത്.നാടാർ/ചാന്നാർ-പറയർ-പുലയർ-കുറവർ-ഐനവർ-എന്നീ ജാതി സമൂഹങ്ങളെ പള്ളിയിൽ ചേർക്കുകയും,മതപഠനത്തോടൊപ്പം വിദ്യാഭ്യാസം കൊടുക്കകയുമുണ്ടായി.ആഴ്ച്ചയിൽ ഏഴുദിവസവും ഊഴിയം വേലചെയ്തിരുന്നവർ,ഞായറാഴ്ച പള്ളിയിൽ പോകുന്നതും,ഒരുങ്ങികെട്ടി(പള്ളിയുടെ രീതിയിൽ ജംബറും -ചട്ടയുമിട്ട്)പോകുന്നത് സ്വാഭാവികമായും തമ്പുരാക്കന്മാർക്ക് സുഖിച്ചില്ല.നാട്ടിൽ വലിയതോതിൽ സംഘർഷമുണ്ടായി.ഇത് ശ്രദ്ധയിൽ പെട്ട റെസിഡ്ന്റ് സായ്പ് ,കൊട്ടാരത്തിനു കത്തയച്ചു.അതിൻപ്രകാരം 1818-ൽ വിളമ്പരമുണ്ടായി..പള്ളിയിൽ ചേരുന്നവർക്ക് മേലുടുപ്പു ധരിക്കാം,എന്നാൽ മേൽജാതികളുടേതിൽ നിന്നും വ്യത്യസ്തമായിരിക്കണം.വിളമ്പരമുണ്ടായിട്ടും സംഘർഷത്തിനു കുറവുണ്ടായില്ല.അങ്ങനെയാണ് 1822-ൽ ചാ‍ന്നാർ കലാപം രൂപം കൊള്ളുന്നത്..1853-ൽ വൈകുണ്ഠ സ്വാമിയുടെ പ്രസ്ഥാനത്തോടെ തിരുവിതാം കൂറിലെങ്ങും ഈ ചലനം എത്തുകയും പുതിയ തെളിച്ചം വരുകയുമുണ്ടായി(നീട്ടുന്നില്ല..അന്ന് കമ്മ്യൂണിസ്റ്റുപാർട്ടിയുണ്ടായിരുന്നോ..സഖാക്കളെ..?)
വഴിനടക്കാനുള്ള അവകാശം.
          വഴി നടക്കാനുള്ള അവകാശം സ്ഥാപിച്ചതും കമ്മ്യൂണിസ്റ്റുകളാണന്ന തമാശ പറയുന്ന സഖാക്കൾ അറിയേണ്ട ചില വസ്തുതകളൂണ്ട്.ഏതെങ്കിലും ഒരു ധാരയിൽ മാത്രമായിരുന്നില്ല,ഈ കലാപങ്ങൾ വികസിച്ചത്.പൊതു വഴി എന്ന സങ്കല്പം തന്നെ ആധുനികമാണ്.അമ്പലത്തിലേക്കുള്ള വഴി,കൊട്ടാരത്തിലേക്ക്-ജന്മി ഗ്രഹത്തിലേക്ക്-കോടതികളിലേക്ക് എന്നിങ്ങനെയായിരുന്നു വഴികൾ.തിരുവിതാംകോട് രാജാവിനെ ,ക്ഷാമകാലത് നെല്ലുകൊടുത്തുസഹായിക്കുന്ന ആലുമൂട്ടിൽ ചാന്നാർ വിദേശത്തുനിന്നൊരു കാറുവാങ്ങി.ഡ്രൈവർ-നായർ.കാറിനകത്ത് ‘ഞെളി’ഞ്ഞിരിക്കുമ്പോഴും മുക്കാൽ ഭാഗവും നടപ്പുതന്നെ.കാരണം,രണ്ടുനാഴിക പോകുമ്പോഴേക്കും ഒരമ്പലം കാണും-ഇറങ്ങി കുറുക്കുവഴി നടന്ന് വഴിയിലെത്തുമ്പോൾ നായർ കാറുമായി കാത്തുനിൽക്കും.ഇതായിരുന്നു പൊതുവഴിയുടെ അവസ്ഥ.സഖാക്കളെ,ഇതിനെ നേരിട്ട കീഴാളജാതി സമൂഹങ്ങളുടെ പ്രതിരോധങ്ങൾ രേഖപ്പെടുത്തിയതിനുമെത്രയോ കൂടുതലാണ്.(വിസ്താരഭയം..എന്നെ വിലക്കുന്നു.മറ്റൊരു പോസ്റ്റ് വേണ്ടിവരും).ഈ ധാരയിലുള്ള ചരിത്രപരമായ അടയാളപ്പെടൽ നടന്നത് അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയാണ്.പൊതുവഴിയിൽ അവകാശം സ്ഥാപിച്ചത് തന്റേടമുള്ള കൂട്ടുകാരോടൊത്ത് രാജവീധിയിലൂടെ വില്ലുവണ്ടി ഓടിച്ചത് വെല്ലുവിളിച്ചു തന്നെയാണ്..അതെല്ലാം സഖാക്കൾക്കും അറിയാം,പക്ഷേ പറയില്ല.അതാണ് പാർടി നയം.(അന്നും കമ്മ്യൂണിസ്റ്റുപാർട്ടി ജനിച്ചിട്ടില്ല.)
വിദ്യാഭ്യാസത്തിനുള്ള അവകാശം
       വിദ്യാഭ്യാസവും ആധുനിക സങ്കല്പമാണ്.കൊളൊണിയൽ മൂലധനത്തിന്റെ വ്യാപനത്തിന്-മതവൽക്കരണം പോലെതന്നെ കീഴ്തട്ടിലേക് അക്ഷരവെളിച്ചം പായിക്കേണ്ടതുണ്ടായിരുന്നു.മിഷണറിമാർ അതിനുവേണ്ടിചെയ്ത് ത്യാഗത്തിന്റേയും കഠിന പരിശ്രമങ്ങളുമാണ് മലയാളിയുടെ ആധുനിക പൌരത്വം.വെള്ളക്കാരാണ് നമുക്ക് സന്യാസം തന്നതെന്ന് ശ്രീനാരായണഗുരുവിനെ കൊണ്ടു പറയിച്ചത് ഈ സത്യം മനസ്സിലായതിനാലാണ്(സഖാക്കൾക്ക് കത്താൻ..പിന്നേയും സമയമെടുക്കും)പള്ളികളെല്ലാം..പള്ളികൂടങ്ങളാക്കിയ പ്രോട്ടസ്റ്റന്റ് സഭക്കാർ അടിത്തട്ട് ജനതയിൽ നിന്നും മഹാപ്രതിഭകളേയും കണ്ടെത്തിയിരുന്നു.ഇവിടെ നവോത്ഥാനത്തിന്റെ കൊടുംകാറ്റ് വീശിക്കൊണ്ടിരുന്നപ്പോൾ ,തിരുവിതാം കൂറിലെ ചീഫ് അക്കൌണ്ട് ഓഫീസർ ജ്ഞാനജോഷ്വാ എന്ന പരിവർത്തിത പറയനായിരുന്നു.(ഇംഗ്ലണ്ടിൽ പോയി അക്കൌണ്ടസിപഠിച്ച് ഉയർന്ന സ്ഥാനം അലങ്കരിക്കുമ്പോൾ..അയ്യങ്കാളി പത്തു ബീയേക്കാരെകുറിച്ച് സ്വപ്നം കാണുന്നതേയുണ്ടായിരുന്നുള്ളു.)അന്നും ഇവിടെ കമ്മ്യൂണിസ്റ്റുകൾ ജനിച്ചിട്ടില്ല.നീണ്ട മൂന്നുവർഷത്തെ രക്തകലാപത്തിനൊടുവിൽ വിദ്യാഭ്യാസാവകാശം ഭരണകൂടം അംഗീകരിച്ചു.(നീട്ടുന്നില്ല)
കുടികിടപ്പവകാശം
         കുടികിടപ്പവകാശം..ഇത് കമ്മ്യൂണിസ്റ്റ്കൾക്ക് അവകാശപ്പെട്ടതു തന്നെ.തലമുറകളോളം കാർഷിക മേഖലയിലെ കൂലിതൊഴിലാളികളായിരുന്ന കീഴജാതി സമൂഹങ്ങളെ ,കുടികളിലേക്ക് കുടിയിരുത്തുകയ്യും,മിച്ചം വന്നവരെ മിച്ചഭൂമികണ്ടെത്തി ,ലക്ഷം -ഹരിജൻ-ഗിരിജൻ-അംബേദ്ക്കർ-കോളനിയിലേക്ക് കുടുക്കിയിട്ടതിന്റെ അവകാശം,തീർച്ചയായും കമ്മ്യൂനിസ്റ്റുകൾക്കുള്ളതാണ്.അവിടെകിടന്ന് പുഴുത്തുനാറി വംശനാശം വരുമെന്ന് അവർക്കറിയാമായിരുന്നു.ഭൂപരിഷ്ക്കരണം നടപ്പിലാക്കുമ്പോൾ കൃഷിഭൂമി കർഷകന് എന്നു തീരുമാനിച്ചു.എന്നാൽ തലമുറകളോളം ജീവിതോപാദിയായ കാർഷികവൃത്തിക്കാരായ കീഴ്ജാതികൾക്ക് കൂടി ഭൂമികൊടുക്കണം എന്നു പറയാൻ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടായിരുന്നില്ല(പി.കെ.കുഞ്ഞച്ചനും,ചാത്തൻ മാസ്റ്റ്രും,പി.കെ.രാഘവനും..എന്നു വേണ്ട നേതൃത്വത്തിലേക്ക് വന്ന ഒരുത്തനും ഈ ആവശ്യം ഉന്നയിച്ചില്ല.ഉന്നയിച്ചവരെ പുറത്താക്കി)
തിരുവിതാം കൂറിന്റെ ചരിത്രത്തിൽ 1868-വരെ ക്രയവിക്രയ ബാധ്യതയോടെ വൻ കരം പിരിക്കാവുന്ന രീതിയിൽ നാടാർ/ചാന്നാർ മുതൽ താഴോട്ടുള്ള കീഴ് ജാതികൾക്ക് ഭൂമി കൊടുത്തിരുന്നു.(വിസ്താര ഭയം..നീട്ടുന്നില്ല)എന്നാൽ ജനാധിപത്യ സർക്കാരിന്റെകീഴിൽ(വിപ്ലവസർക്കാരിന്റെ കീഴിലും--)ശവമടക്കാൻ അടുക്കള പൊളിക്കേണ്ടുന്ന ഗതികേട് ഈ ജനത്തിന് എങ്ങനെയുണ്ടായി എന്ന് പൊന്നു സഖാക്കൾ ഒന്നാലോചിക്കണം..ബാക്കി..ചർച്ചയുടെ ഗതി അനുസരിച്ച്..ലത്സലാം..സഖാക്കളേ..

        

Aug 7, 2012

ജാതിപരാമർശം നിരുപദ്രകരമോ..?

നെല്ലിയാമ്പതി വിഷയം,പൊതു ചർച്ചിയിലേക്കു കടക്കുന്നത്,കേരളകോൺഗ്രസ് നേതാവും ചീഫ് വിപ്പുമായ പീസീ.ജോർജും,കോൺഗ്രസ് എം.എൽ.എ.ശ്രീ.ടി.എൻ.പ്രതാപനും തമ്മിലുള്ള ‘ഒടക്ക്’കാരണമാണ്.മീൻപിടിത്തം കുലത്തൊഴിലായ സമുദായത്തിൽ പിറന്ന(ധീവരൻ) പ്രതാപൻ,മത്സ്യതൊഴിലാളികളുടെ കാര്യം പറഞ്ഞാൽ മതി എന്നു പറയുമ്പോൾ,കേരള സമൂഹം വെച്ചുപുലർത്തുന്ന ജാതി/വംശ ധാരണകളെ ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.കുറേകാലം മുമ്പ്,സഖാവ്.വീഎസ്-ആഞ്ചലോസിനെ പരാമർശിക്കുമ്പോൾ’കടപ്പൊറത്ത് മീൻപെറുക്കി’നടന്ന ചെറുക്കൻ എന്നാണ് വിശേഷിപ്പിച്ചത്.ഈ രണ്ടു പരാമർശങ്ങളിലും ,‘നൊന്തത്’ ആ യുവരാഷ്ട്രീയ പ്രവർത്തകർക്കും,അവരുടെ സമുദായത്തിനും മാത്രമാണ്.അടുത്ത കാലത്താണല്ലോ,ഇതേ ജോർജ്ജ്,മുൻ മന്ത്രി ഏ.കെ.ബാലനെ പരിഹസിക്കാൻ’പട്ടിജാതിക്കാരൻ’എന്നു വിശേഷിപ്പിച്ചത്.അതിൽ,ഭരണകഷിയെ തല്ലാൻ ‘വടി’അന്വേക്ഷിക്കുകയായിരുന്നു എൽ.ടി.എഫ്.മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ,ഡോ.എം.എ.കുട്ടപ്പൻ എം.എൽ.എ യെ ‘ഹരിയങ്കുട്ടപ്പൻ’എന്നു പരാമർശിക്കുമ്പോഴും,അഭിമാനക്ഷതം തോന്നിയത് ആ വ്യക്തികൾക്കും അവരുടെ സമുദായത്തിനും മാത്രമാണ്.എന്താണിതിനു കാരണം?
               ഇന്ത്യൻ സമൂഹത്തിന്റെ ‘പൊതു ബോധം’ഒരിക്കലും കീഴാള ജാതിസമുദായങ്ങളെ അധികാരി കളായി കാണാൻ തയ്യാറില്ലന്നാണ്.അത്,സർക്കാർ ഉദ്യോഗത്തിലും-ഭരണാധികാരത്തിലും ഒരുപോലാണ്.അതിൽ,മാക്സിസ്റ്റ്-ഗാന്ധിയൻ-വിശാലഹിന്ദു വ്യത്യാസം കാണാൻ കഴിയില്ല.1959-ൽ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ,പള്ളിക്കാരും-ജന്മി-നായർമാടമ്പിമാരും കൈകോർത്തു നടത്തിയ’വിമോചനസമര‘മെന്ന ആഭാസത്തിൽ ഉയർന്നു വന്ന മുദ്രാവാക്യത്തിൽ ഇങ്ങനേയുമുണ്ടായിരുന്നു.”തമ്പ്രാനെന്നു വിളിപ്പിക്കും,പാളേൽ കഞ്ഞികുടിപ്പിക്കും.” “ചാത്തൻ പൂട്ടാൻ പോകട്ടേ,ചാക്കോ നാടുഭരിക്കട്ടേ”.ഒരു വിശദീകരണവും ആവശ്യമില്ലാത്ത ഇത്തരം വാദത്തിന്റെ,ആധുനിക വാചകമാണ്,ജോർജ്ജ്-പ്രതാപനോട് പറയുന്നത്’മത്സ്യതൊഴിലാളി’കളുടെ കാര്യം നോക്കിയാൽ മതിയെന്ന്.
                ഇവിടെ ഭരണ-പ്രതിപക്ഷ കക്ഷികൾ പങ്കുവെക്കുന്ന ‘പൊതുവികാരം’ചർച്ചയാവേണ്ടതുണ്ട്.ആധുനിക ജാനാധിപത്യ ഭരണ-സമര രംഗങ്ങളിലെല്ലാം മുഖ്യസാന്നിദ്ധ്യമായിരുന്നത്,വിഭവാധികാരമുള്ള സമുദായങ്ങളായിരുന്നു.നായർ-സവർണ ക്രിസ്ത്യാനി-ഈഴവ-മുസ്ലീം ,എന്നീ സമുദായങ്ങൾ ഭരണജാതി കളായതാണ് യാഥാർത്ഥ്യം.ഇതിൽ കീഴോട്ടുള്ള ജാതിസമൂഹങ്ങൾക്ക് പലപ്പോഴും പ്രാതിനിത്യമേകിട്ടാറില്ല.ഭരണഘടനാ പരിരക്ഷയാൽ ദലിതുകൾക്ക് പതിനാലു സീറ്റുകിട്ടും.ഒരു മന്ത്രിയും(ഇപ്രാവശ്യം യു.ഡി.എഫ് കുടുങ്ങിപോയി,ഒരേഒരു വനിതാ എം.എൽ.എ. പട്ടികവർഗത്തിലുള്ള കുമാരി.ജയലക്ഷിയായിരുന്നു.അവരെ മന്ത്രിയുമാക്കേണ്ടി വന്നു.‌-സ്ത്രീകളുടെ കാര്യവും അതുപോലെ,ജനസംഖ്യയിൽ പകുതിയുള്ള സമൂഹത്തിന്-ഒരേഒരു മന്ത്രിയെ കനിഞ്ഞു നൽകാറുണ്ട്) ഇവിടെ വരുന്ന ഒരു ജനപ്രതിനിധി പോലും,അവരുടെ സമുദായ വിഷയം വരുമ്പോൾ തികഞ്ഞ ‘മതേതര ജനാധിപത്യ’വാദികളാകും.എന്നാൽ കേരള കോൺഗ്രസിന് അത് ബാധകമല്ല.ആ പാർട്ടിയുടെ പിറവിതന്നെ ,നായർ-ക്രിസ്ത്യൻ വൻ-കിട കർഷകന്റെ താല്പര്യം സംരക്ഷിക്കാനുള്ളതാണ്.കുട്ടനാടൻ കാർഷികമേഖലയിലും,കിഴക്കൻ തോട്ടം മേഖലയിലും നിർണായക സ്വാദീനമുള്ളതിനാൽ.ഇടതു-വലതു മുന്നണി സംവിധാനത്തിൽ ഇവരുടെ സാന്നിദ്ധ്യം ഉറപ്പാണ്.നെല്ലിയാമ്പതിയിൽ’പാവം പിടിച്ച തോട്ടം കർഷകരെ(മുതലാളി എന്നു പരാമർശിക്കരുത്) സംരക്ഷിക്കാൻ ഈ പാർട്ടിക്കു ബാധ്യതയുണ്ട്.എന്നാൽ അടുക്കള പൊളിച്ച് ശവമടക്കേണ്ടിവരുന്ന ദലിതരുൾപ്പെടുന്ന കീഴാള ജാതികളെ നേരിടാൻ കക്ഷിവിത്യാമില്ലാതെ ഒന്നിക്കുന്ന കാഴ്ച ‘ചെങ്ങറയിൽ’ഉൾപ്പെടെ കേരള സമൂഹം കാണുന്നുണ്ട്.

Jun 12, 2012

അക്ഷരവെളിച്ചത്തിന്റെ നാൾവഴികൾ.

വാരാദ്യമാധ്യമത്തിൽ വന്നൊരു  ലേഖനം.,കീഴാള രാഷ്റ്റ്രീയത്തിന്റെ സൂക്ഷമതല വിശകലനത്തിന്റെ പ്രസക്തി വെളിവാക്കുന്നതാണ്.പത്തനംതിട്ട ജില്ലയിലെ,റാന്നി താലൂക്കിന്റെ മലയോര പ്രദേശത്ത്,മലവേടൻ സമുദായത്തിൽ പെട്ട ഇ.കെ.കേശവൻ എന്ന അദ്ധ്യാപകന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് വിഷയം.അക്ഷരവെളിച്ചം വീശാതിരുന്ന ആദിവാസി സമൂഹത്തെ,അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ,കാട്ടുകമ്പുകളും തേക്കിലയും കൊണ്ട് നാലു പള്ളികൂടങ്ങൾ ഉണ്ടാക്കി.1957-ൽ ഈ നാലുസ്കൂളും സർക്കാർ ഏറ്റെടുത്തു.ഏഴാംക്ലാസ്സുകാരനായ അദ്ദേഹത്തെ അദ്ധ്യാപകനായി നിയമിച്ചു.(ലേഖനം മുഴുവൻ വായിച്ചാലേ അദ്ദേഹം നേരിട്ട പ്രതിസന്ധികളുടെ ഒരറ്റമെങ്കിലും കാണാനാകൂ)
                    കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപം കൊണ്ട,കീഴാള ജാതിസമൂഹങ്ങളുടെ ,മനുഷ്യാവകാശ-വിദ്യാഭ്യാസാവകാശ പോരാട്ടങ്ങളുടെ തുടർച്ചതന്നെയായിരുന്നു.,ഇ.കെ.കേശവന്റേതും.ഇതിനും നാലുപതിറ്റാണ്ടു മുമ്പ് ശ്രീ.അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന പൊതു വിദ്യാലയപ്രവേശനത്തിനു വേണ്ടി നടത്തിയ പോരാട്ടം,ഇന്ത്യയിലെ ആദ്യത്തെ കാർഷിക കലാപത്തിലാണ് അവസാനിച്ചത്.അയ്യങ്കാളിയെ പോലെതന്നെ മറ്റ് ഇതര സമൂദായ നേതാക്കളും സ്വന്തമായി പള്ളികൂടങ്ങൾ സ്ഥാപിച്ചു കൊണ്ടാണ് ഈ വിഷയത്തെ നേരിട്ടത്.പറയ സമുദായ നേതാവ് ,ശ്രീ.കാവാരികുളം കണ്ടങ്കുമാരൻ,അമ്പത്തിയാറ് പള്ളികൂടങ്ങളാണ് ,തിരുവിതാംകൂറിന്റെ പലഭാഗത്തായി സ്ഥാപിച്ചത് .ശ്രീമൂലം പ്രജാസഭയിൽ ചെയ്ത പ്രസംഗങ്ങൾ കൂടുതലും ഇത്തരം സ്കൂളുകൾക്ക് ഗ്രാന്റ് കിട്ടുന്നതിനു വേണ്ടിയായിരുന്നു.മറ്റൊരാൾ പൊയ്കയിൽ അപ്പച്ചനായിരുന്നു.രണ്ട് ഇംഗ്ലീഷ് പള്ളികൂടങ്ങളൂൾപ്പെടെ എട്ടു സ്കൂളുകൾ സ്ഥാപിച്ചു.ഇതിൽ ഒന്നൊഴികെ എല്ലാം പൂട്ടി.ഇത്തരം അനേകം സ്കൂളുകളും(സങ്കപള്ളികൂടങ്ങൾ എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്)കൃസ്ത്യൻ മിഷനറിമാരുടെ പള്ളിതന്നെ പള്ളികൂടമാക്കി ക്കൊണ്ടു നടന്ന വിദ്യാഭ്യാസപ്രവർത്തനങ്ങളാണ്,ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും കീഴാള ജാതിസമൂഹങ്ങൾ  നേടിയെന്നു പറയാനും മാത്രമുള്ള നേട്ടം.മിഷനറി സ്കൂളിലൊഴിച്ചുള്ള മറ്റ് അയിത്തജാതികളുടെ ഒന്നും രണ്ടു ക്ലാസുകളുള്ള പള്ളികൂടത്തിലെ വധ്യാന്മാർക്കുള്ള ചിലവ് നാട്ടിൽ നിന്നും പിടിയരി പിരിച്ചും,കൊയ്യുന്ന പാടത്തുനിന്നും ,കപ്പകാലായിൽ നിന്നും പതമായി കിട്ടുന്നതായിരുന്നു.സഹനങ്ങളുടേയും,കഷ്ടപ്പാടിന്റേയും,കരുതലുകളുടെതുമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്നത്തെ ദലിത് ജനസമൂഹം.വിഭവാധികാരത്തിൽ നിന്നും പരിപൂർണ്ണമായി ഒഴിവാക്കപ്പെട്ട ഈ സമൂഹം ഇന്ന്  അടുക്കളയിൽ ശവമടക്കേണ്ടുന്ന ഗതിയിലാണ്.നിരന്തരം പോരാട്ടങ്ങളിലൂടെ കടന്നു പോകേണ്ടുന്ന ഗതികേട് ഇന്ത്യയിൽ മറ്റേത് സമൂഹത്തിനുണ്ട്..?

May 23, 2012

തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ ശത്രു.

ഇത് സഖാവ് കുഞ്ഞമ്പായി.
മുക്കാൽ നൂറ്റാണ്ട് കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച് ,സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ട്രിയേറ്റ്  മെമ്പറായി.ഇപ്പോൾ ശിക്ഷാകാലാവധിയിലാണ്.ഇപ്പോൾ വയസ് എൺപത്തിയേഴ്.സംസാരശേഷി തീരെയില്ല.ഓർമ്മശക്തിക്ക് കാര്യമായ തകരാറൊന്നുമില്ല.

തിരിവിതാംകൂർ കർഷകതൊഴിലാളി യൂണിയൻ പ്രവർത്തകനായി ആദ്യകാല കമ്മ്യൂണിസ്റ്റുപാർട്ടി സംഘാടകനായി,പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ .മുഴുവൻ സമയവും പാർട്ടി.ഭാര്യ കൂലിപ്പണിയെടുത്ത് കുഞ്ഞുങ്ങളെ വളർത്തി.മക്കളെങ്ങും എത്തിയില്ല.മക്കളുടെ ചെറിയ വരുമാനത്തിൽ കഴിയുന്നു.ദോഷം പറയരുതല്ലോ.പാർട്ടി ആയിരം രൂഫാ ‘പെൻഷൻ’കൊടുക്കുന്നുണ്ട്.എന്റെ പിതാവിന്റെ(ഇന്നില്ല)ഉറ്റ മിത്രമായിരുന്നു.അതുകൊണ്ട് ഞങ്ങളോട് വല്യ വാത്സ്ല്യമാണ്.സമകാലീനരിൽ  പ്രശസ്ഥരായത്,വി.എസ്.അച്ചുതാനന്ദനും,പി.കെ.കുഞ്ഞച്ചനും(ഇന്നില്ല-എം.പി യായി,കേന്ദ്രകമ്മിറ്റിയിലും ഉണ്ടായിരുന്നു).
കഴിഞ്ഞദിവസം വീട്ടിൽ പോയി കണ്ടപ്പോൾ പറഞ്ഞ ഒരേഒരാഗ്രഹം ചെങ്കോടി പുതച്ച് വലിയചുടുകാട്ടിൽ പോകണം.അതു നടക്കുമ്മോ..?ആർക്കറിയാം.
ഞാനപ്പോൾ ഓർത്തത് നൃപൻ ചക്രവർത്തിയെയാണ്.അവസാന ദിവസം ശിക്ഷ ഇളവുചെയ്ത് ചെങ്കോടി പുതപ്പിക്കാൻ മഹാമനസ്കത കാട്ടിയ മഹത്തായ പ്രസ്ഥാനമാണ് സി.പി.എം.
നാല്പതുകളിലെ കർഷകതൊഴിലാളി സമരത്തിന്റെ,കഥയില്ലായ്മയുടെ കഥ പറഞ്ഞ് പിള്ളാരെ ബോറടിപ്പിക്കാൻ ഇനി അധികമാരുമില്ല.പുതിയ തലമുറയുടേ മിടുക്കിനൊത്തു വളരാൻ കഴിയാത്തവർ പുറത്തുപോകണമെന്ന് പീള്ളാരു പറയാൻ തുടങ്ങിയിട്ട് കാലമൊരുപാടായി.കൂട്ടാക്കാത്തവരെ ‘ക്യാപിറ്റൽ പണിഷ്മെന്റ്’നടത്തണമെന്ന് പരസ്യമായി പറയുകയും ചെയ്തു.
അച്ചുതാനന്ദൻ ഒഴികെ ,ആരെങ്കിലും പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽ,കർഷകതൊഴിലാളി സംഘടനാ രംഗത്തുനിന്നവർ ഉണ്ടോ..? അറിവുള്ളവർ പറയുക.
എൺപതുകളിൽ ,വിദ്ധ്യർത്ഥി-യുവജന സംഘടനയിൽ നിന്നും,സി.ഐ.റ്റി.യു-സർവീസ് സംഘടനാ രംഗത്തു നിന്നും വന്നവർ പാർട്ടിയിൽ മേൽകൈ നേടി.പിന്നീട് സിഐടിയു വും ഒഴിവാ‍കുന്ന കാഴ്ചയാണ് കണ്ടത്.അതുകൊണ്ടുതന്നെ സഖാവ് കുഞ്ഞമ്പായിയെ ഒഴിവാക്കിയതിൽ തെറ്റുപറയാനുമില്ല.കട്ടങ്കാപ്പിയും(കട്ടൻ കപ്പയും)പരിപ്പുവടയും കാലഹരണപ്പെട്ടത് പുതു നേതൃത്വം ഓർമ്മിപ്പിക്കേണ്ടിവരും.Feb 18, 2011

ദലിത് ആത്മീയതയുടെ ചില ദൃശ്യങ്ങള്‍.


സഭാനേതൃത്വം.മുന്‍ നിര
പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ (P.R.D.S)സ്ഥാപകന്‍ ശ്രീകുമാര ഗുരുദേവന്റെ (പൊയ്കയില്‍ അപ്പച്ചന്‍) 133-)മത് ജന്മദിനാഘോഷങ്ങള്‍, പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍ നടന്നു.

ധ്യതിരുവിതാംകൂറിലെ കീഴാള ജനസമൂഹത്തിന്റെ ആത്മീയാന്വേഷത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ്, അപ്പച്ചനും അതോടൊപ്പം സഭയും. എല്ലാത്തരം മനുഷ്യാവകാശങ്ങളില്‍ നിന്നും പിഴുതെറിഞ്ഞ ഒരു ജനസമൂഹത്തിന് ആത്മവിശ്വാസത്തിന്റെയും, സാംസ്കാരിക  ഏകീകരണത്തിന്റെതുമായ പുതിയ പാതയും വഴിവിളക്കുമായിരുന്നു അപ്പച്ചന്‍. നൂറ്റാണ്ടുകള്‍ അടിമത്വത്തിലും അജ്ഞതയിലും കുടിങ്ങി കിടന്ന ഒരു സമൂഹത്തെ ഒരു 'ജനത’യെ നിലയില്‍ പ്രത്യശാസ്ത്രപരമായി പുന:സംഘടിപ്പിച്ചതിന്, ചരിത്രത്തില്‍ അടയാളപ്പെടുകയായിരുന്നു അപ്പച്ചനും സഭയും.
             
കൊളോണിയല്‍ ആധുനികത നല്‍കിയ പുതിയ സാമൂഹ്യസ്ഥലികളില്‍, 'മതവല്‍ക്കരണം' എന്ന സാദ്ധ്യത ഉപയോഗിച്ച് പ്രോട്ടസ്റ്റന്റ് സഭകളിലേക്ക് വ്യാപകമായി ഇഴുകിച്ചേര്‍ന്ന കീഴാള ജാതി സമൂഹങ്ങളെ 'പുതുക്രിസ്ത്യാനി’യെന്ന അയിത്താചരണത്തിലൂടെ, പ്രത്യേകം പള്ളിയും, പട്ടവും സ്ഥാപിക്കുന്നതിനെതിരെ, മാര്‍ത്തോമാ സഭയില്‍ നിന്നും, പതിമൂന്ന് ഉപദേശിമാരോടൊപ്പം 'വേര്‍പാടു'സഭയില്‍ ചേരുകയും, സ്വന്തമായി സഭയും സ്ഥാപനങ്ങളും സംഘടിപ്പിച്ച്,
അയിത്ത ജാതിക്കാരന്റെ, പ്രതീക്ഷയും-പ്രത്യാശയുമായി മാറുകയായിരുന്നു അപ്പച്ചനും ഒപ്പം സഭയും. പരസ്പരം വിഘടിച്ചു നിന്ന പതിനാലോളം 'അയിത്ത ജാതി'കള്‍ക്ക് സഹോദര്യത്തിന്റെ, പാരസ്പര്യത്തിന്റെ പാഠങ്ങള്‍ പകര്‍ന്നത്, ചരിത്രത്തില്‍ നിന്നായിരുന്നു.'ആദിയര്‍ ജനത'യെന്ന പരികല്പന, സാമൂഹ്യവും-സാംസ്കാരികവും-സാമ്പത്തികവുമായി ഉയരാന്‍ പറ്റിയ ഊര്‍ജം നല്‍കി. ശ്രീമൂലം പ്രജാസഭയില്‍ ചെയ്ത പ്രസംഗങ്ങള്‍, ഈ വിഷയത്തിലുള്ള അപ്പച്ചന്റെ വീക്ഷണത്തെ വ്യക്തമാക്കുന്നു. കേരളത്തിന്റെ 'നവോത്ഥാന'വഴികളില്‍, ദലിതര്‍ നടന്നടുത്ത ചരിത്രത്തില്‍ രേഖപ്പെടുത്തിയ പേരുകളില്‍, പൊയ്കയില്‍ അപ്പച്ചന് സമുന്നതമായ സ്ഥാനമുണ്ട്.


ചിലചിത്രങ്ങള്‍.

സഭയിലെ യുവജനങ്ങള്‍ ‘കുമാര ദാസ സംഘം’
ഘോഷയാത്രയില്‍ .ഘോഷയാത്രയ്ക്ക്  മിഴിവേകാന്‍ സഭാംഗങ്ങളുടെ കലാപ്രകടനങ്ങള്‍.

അടിമവിഷയം ദൃശ്യവല്‍കരിക്കുന്നു.


വിവിധ ശാഖകള്‍ -താളമേളത്തോടെ ഘോഷയാത്രക്ക് .
വിശുദ്ധ മണ്ഡപത്തിന്റെ മാതൃക.

സമ്മേളന നഗരിയില്‍ നേരത്തേ സ്ഥലം പിടിച്ച സഭാംഗങ്ങള്‍.

അടിമ വിഷയത്തിന്റെ നിശ്ചല ദൃശ്യങ്ങള്‍.
അപ്പനേയും അമ്മയേയും കൊണ്ടുപോയപ്പോള്‍ അനാഥരായ കുഞ്ഞുങ്ങള്‍.

Dec 3, 2010

ഇംഗ്ലീഷ് ഭാഷയും കീഴാള സമൂഹങ്ങളും

മെക്കാളെ പ്രഭുവിനും ഒരു അമ്പലം.
(സി.എസ്.സലീല്‍-സമകാലിക മലയാളം വാരികയില്‍ കൊടുത്ത കുറിപ്പാണിത്)
          സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ പുതുമയുള്ളതല്ല.
എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇംഗ്ലീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ,ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ
ആര്‍ക്കിടെക്റ്റായ മെക്കാളയുടെ പ്രതിമയുള്ള ക്ഷേത്രമാണ് സ്വതന്ത്ര ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.ബ്രീട്ടീഷ് 
ഭരണകൂടം ഇന്ത്യ വിട്ടുപോയി നൂറ്റാണ്ടിനു ശേഷം’ദലിത’രുടെ ഉയര്‍ത്തെഴുന്നേല്പിന്റെ ദിനങ്ങളിലേക്ക് അവരെ
നയിക്കുന്നതിന്റെ ഭാഗമാണ്’മെക്കാളെ ക്ഷേത്ര’ത്തിന്റെ നിര്‍മ്മാണമെന്ന് ദലിത് ബുദ്ധിജീവികള്‍ പറയുന്നു.
          ഉത്തര്‍പ്രദേശിലെ ബര്‍കാ ഗ്രാമത്തിലാണ് ഇംഗ്ലീഷ് ഭാഷയുടെ പ്രചാരണത്തിനായി ‘മെക്കാളെ ക്ഷേത്രം’
നിര്‍മ്മിക്കുന്നത്.ദലിത് ബുദ്ധിജീവിയും എഴുത്തുകാരനുമായ ചന്ദ്രഭാന്‍ പ്രസാദാണ് പിന്നിലുള്ള ബുദ്ധികേന്ദ്രം.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മാത്രമേ ദലിതര്‍ക്ക് ഉയരാന്‍ കഴിയുകയുള്ളുവെന്ന ചിന്തയാണ് ഇതിലേക്ക് വഴി
തുറന്നിരിക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തില്‍ ഉയരങ്ങളിലെത്താന്‍ കഴിയുകയുള്ളൂ
എന്നതിനാല്‍ ഇംഗ്ലീഷ് ഭാഷയെ ദേവതയായി ഉള്‍ക്കൊണ്ട് ഭാഷ പ്രചരിപ്പിക്കാനാനുള്ള ശ്രമം. ദലിതരുടെയിടയില്‍
ഇംഗ്ലീഷ് പഠിക്കുന്നതിന് പ്രാമുഖ്യം ലഭ്യമാക്കാന്‍ ഇതിനെ വിശ്വാസത്തിന്റെ ഭാഗമാക്കി മാറ്റികൊണ്ടുള്ള
നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
           ഏകദേശം പത്തുലക്ഷം രൂപ ചെലവിലാണ് ക്ഷേത്ര നിര്‍മ്മാണം.ഒറ്റനില ക്കെട്ടിടത്തില്‍  കറുത്ത
ഗ്രാനൈറ്റ് പാകിയ മൂന്നടി വലിപ്പമുള്ള’ദലിത് ഇംഗ്ലീഷ് ദേവത’യുടെ പ്രതിമ.തൊപ്പിധരിച്ച് പേന കൈയ്യിലേന്തിയ
പ്രതിമ. മെക്കാളെ ചിത്രത്തിന്റെ രൂപസാദൃശ്യമുണ്ട്....ഈ വെങ്കല പ്രതിമക്ക്.കമ്പ്യൂട്ടര്‍ രൂപമുള്ള പീഠത്തിലാണ്
പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.ക്ഷേത്രത്തിന്റെ മതിലുകളില്‍ വിവിധ ശാസ്ത്ര സമവാക്യങ്ങളും ഇംഗ്ലീഷ് ചൊല്ലുകളും
ഒരു ആധുനികത വരുത്തുമെന്ന് സംഘാടകര്‍ പറയുന്നു.പ്രാദേശികമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനമായിരിക്കും ഇവിടെ പ്രാര്‍ത്ഥനാ സമയത്ത് ആലപിക്കുക.
          മെക്കാളെ ക്ഷേത്രങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്നതിനേകുറിച്ചും ആലോചിക്കുന്നുണ്ട്.ഇംഗ്ലീഷ് ഭാഷയെ പ്രകീര്‍ത്തിക്കുന്ന  സമ്പന്ന വര്‍ഗ്ഗത്തെ മെക്കാളൈറ്റ് എന്നു വിളിച്ച് പരിഹസിച്ചിരുന്നു.ഒരു ഭാഷ പഠിക്കുന്നതിനേയുംഭാഷയെ അറിവു വര്‍ദ്ധിക്കുന്നതിനായി ഉപയോഗിക്കുന്നതിനേയും അംഗീകരിക്കുമ്പോഴും ഭാഷയെ ആരാധിക്കുന്ന, വിഗ്രഹവല്‍ക്കരിക്കുന്ന പ്രവണതകള്‍ക്കെതിരെയുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.ഇംഗ്ലീഷ് ഭാഷയും മെക്കാളെയും ദൈവതുല്യമാണന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മറ്റൊരു വാദം.
സ്വന്തം ഭാഷയെ ഉപേക്ഷിച്ച്  ഇംഗ്ലീഷ് മാത്രം പഠിക്കുന്നത് സൃഷ്ടിക്കുന്ന അപകടങ്ങളെകുറിച്ച് വിമര്‍ശനം 
ഉന്നയിക്കുന്നവര്‍ ഓര്‍മ്മപ്പെടുത്തുന്നു..........
             അല്പം പരിഹാസത്തോടെ ഈ വാര്‍ത്ത  കൊടുക്കുമ്പോള്‍ പൊതു സമൂഹം ,ഈ വിഷയത്തെ എങ്ങനെ സമീപിക്കുമെന്ന് കാണേണ്ടതുണ്ട്.
1.നിലവിലുള്ള ഭക്തിസ്ഥാപനങ്ങളെ നിഷേധിക്കുകയും അഴിച്ചുപണിയുകയും ചെയ്യുന്നു.
2.ഹിന്ദുമതത്തിലേക്കു ചേര്‍ക്കപ്പെട്ട  ദലിത് ബഹുജന ജനത,ഹൈന്ദവ ദേവീ-ദേവ സങ്കല്പങ്ങളെ നിരാകരിച്ച്, ആധുനികതയെ പ്രത്യയശാസ്ത്രമായി സ്വീകരിക്കുന്നു.
3.ഭാഷയേയും ദേശീയ-സാംസ്കാരിക വൈവിധ്യങ്ങളെയും സംരക്ഷിക്കാനുള്ള ചുമതല കീഴാള ജാതിസമൂഹങ്ങള്‍ക്കു മാത്രമാണന്ന പൊതുബോധം നിരാകരിക്കുന്നു.
4.കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കീഴാളജാതി സമൂഹത്തിന്റെ സമര ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ചില ചിത്രങ്ങളുണ്ട്.
ഹൈന്ദവ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ബിംബങ്ങള്‍ക്കുമെതിരെ പ്രതി-സംസ്കാരത്തെ(counter cultuare ) സ്ഥാപിച്ചുകൊണ്ടാണ് കീഴാളര്‍ പ്രതിരോധിച്ചിരുന്നത്. രാമനെതിരെ രാവണനെയും ആര്യനെതിരെ ദ്രാവിഡ ബോധത്തെയും പ്രതിസ്ഥാപിക്കുന്നതില്‍  തുടങ്ങി ഒരറ്റത്ത് പ്രാദേശിക ദൈവങ്ങളും ഗുരുക്കന്മാരും(വൈകുണ്ഠ സ്വാമികള്‍,ശ്രീ നാരായണഗുരു,പൊയ്കയില്‍ അപ്പച്ചന്‍ ,ശുഭാനന്ദ ഗുരുദേവന്‍) ഇങ്ങേ അറ്റത്ത് മഹാത്മാ ഗാന്ധിയ്ക്കെതിരെ അംബേദ്ക്കര്‍ വരെ നീളുന്നു ആ കീഴ്മേല്‍ മറിക്കല്‍. എന്നാല്‍ ഉത്തരാധുനികതയുടെ പ്രശ്നമണ്ഡലം കുറേക്കൂടി വിപുലവും ജനാധിപത്യപരവുമായ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്.അതായത് ,ശ്രേണീകൃതമായ ജാതിസമൂഹങ്ങളില്‍(മേല്പോട്ട് ആഢ്യത്വം കൂടുകയും കീഴോട്ട് മ്ലേഛത്വം കൂടുകയും-Ascending order of reverence and descending degree of contempt)ഉയര്‍ന്ന തലത്തിലുള്ള ബ്രാഹ്മണന്,കൊളോണിയല്‍ ആധുനികതയില്‍ സ്വയം അഴിച്ചുപണിയേണ്ടിവരുന്നു.മതപരമായ വിലക്കുകളെ അവഗണിക്കേണ്ടിവന്നു.ഇംഗ്ലീഷ് വിദ്യാഭ്യാസവും സാങ്കേതികതയും നേടി സായിപ്പിന്റെ വിശ്വസ്ത സേവകരായി, അധികാരത്തിന്റെ മറ്റൊരു രൂപം സ്വന്തമാക്കി.(രണ്ടാം ലോകമഹായുദ്ധം, ജര്‍മ്മനി ജയിക്കുമെന്നു തോന്നിയപ്പോള്‍ തന്നെ ബംഗാളിലെ ബ്രാഹ്മണര്‍ ജര്‍മ്മന്‍ ഭാഷയും ടൈപ്പുറൈറ്റിങ്ങും പഠിക്കാന്‍ തുടങ്ങിയതും പിന്നീടത് ഉപേക്ഷിച്ചതും ചരിത്രം).അക്ഷരവും അറിവും നിഷേധിക്കാന്‍ ഈയവും ഉരുക്കിനടന്നവര്‍ പിന്നീട് എല്ലാ ജ്ഞാനരൂപങ്ങളില്‍ നിന്നും കീഴാള ജനസമൂഹത്തെ മാറ്റിനിര്‍ത്താന്‍ പദ്ധതികളാവിഷ്ക്കരിച്ചു .ഭാഷാസ്നേഹം മുതല്‍ ഡിപിയീപ്പി വരെ അതിന്റെ ഭാഗമാണ്.ഇവിടത്തെ CBSE,ICSE സിലബസിലുള്ള സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ശ്രദ്ധിക്കുക.മധ്യവര്‍ഗ്ഗ-മധ്യമജാതി സമൂഹങ്ങളില്‍ നിന്നും മേല്‍പ്പോട്ടുള്ളവരാണ്.അവരെ ഒരുതരത്തിലും ബാധിക്കാതെയാണ്,പരിഷ്ക്കാരങ്ങളത്രയും.


                ഇവിടെ പ്രധാനമായും സൂചിപ്പിക്കുന്നത്,ദലിത്-ബഹുജന പ്രത്യയശാസ്ത്രം, ജനാധിപത്യപരവും നിര്‍മ്മാണാത്മകവുമായ(constructive) നിലപാടാണ് സാമൂഹ്യനിര്‍മ്മിതിയില്‍ സ്വീകരിക്കുന്നതെന്നാണ്.അതായത് ബ്രാഹ്മണന്റെ ജനാധിപത്യാവകാശത്തെയും മാനിക്കുന്നു.ആര്യ-വേദ സംസ്കാരത്തിന്റെ എല്ലാ അ(കു)യുക്തികളേയും നിലനിര്‍ത്തി യൂറോപ്യന്‍ ആധുനികതയുടെ സുഖസൌകര്യങ്ങള്‍ സ്വാംശീകരിക്കുമ്പോഴും കീഴാള ജനസമൂഹങ്ങള്‍  ഈ ആധുനികതയെ സ്വാംശീകരിക്കുന്നതാണ്’പ്രശ്നം’.
അതുകൊണ്ടാണ്,ഇംഗ്ലീഷ് ഭാഷയേയും മെക്കാളെയേയും ദൈവതുല്യമായി ആരാധിക്കുന്നത് അംഗീകരിക്കാനാവില്ലന്നു പറയുന്നത്.

Aug 30, 2010

ദളിത് തീവ്രവാദത്തിന് തെളിവു കൊടുത്ത് സമ്മാനം നേടുക !(DHRM-വോയിസ്-3)

ഇടതുസര്‍ക്കാര്‍ സത്യംപറയുക- ദലിതര്‍ തീവ്രവാദികളോ ?
ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനും അവരുടെ  സംഘടന വളര്‍ത്താനുമായി വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് മൂന്നാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെയും രണ്ടാമത്തേത് ഇവിടെയും)

(ഈ മല്‍സരത്തില്‍ രാജ്യസ്നേഹികളായ എല്ലാവരും പങ്കെടുക്കേണ്ടതാണ്. പ്രത്യേകിച്ച് മാര്‍ക്സിസ്റ്റുകളും സംഘപരിവാറികളും കോണ്‍ഗ്രസ്സുകാരും മറ്റ് എല്ലാ ഈര്‍ക്കിലി പ്പാര്‍ട്ടികളും! ഭീകരവാദം ആരോപിച്ച് ദലിതരുടെ കൂമ്പിടിച്ചു വാട്ടിയ പോലീസിന് ഇതുവരെ തെളിവൊന്നും കണ്ടുപിടിക്കാനായിട്ടില്ല. നാമവരെ സഹായിക്കേണ്ടതാണ്.)
ളിതനെ തല്ലാനും കൊല്ലാനും സവര്‍ണര്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ പട്ടാളമാണെല്ലോ ഉത്തരേന്ത്യയിലെ രണ്‍വീര്‍സേന. ഈ സേനയില്‍ സവര്‍ണ ഭൂജന്മിമാര്‍ സ്വന്തം ജാതിയില്‍പ്പെട്ടവരെ ആയുധപരിശീലവും മാരകായുധങ്ങള്‍ നല്‍കിയുമാണ് അംഗങ്ങളാക്കുന്നത്. കീഴ് ജാതിക്കാരെ അംഗഭംഗം വരുത്തിയും കൂട്ടത്തോടെ ചുട്ടുകൊന്നും മാനഭംഗപ്പെടുത്തിയും ദലിതരെ സ്വന്തം മണ്ണില്‍ നിന്നും ആട്ടിയോടിച്ചുമാണ് കഴിവും ശക്തിയും തെളിയിക്കുന്നത്. ഇതാണ് ജന്മിമേധാവിത്വം മാറ്റി ജനാധിപത്യം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ ഇന്നത്തെ ചിത്രം. ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് കേരളീയര്‍ക്ക്  ദളിതരോടുള്ള മനോഭാവമെന്നാണ് നാം കരുതിയിരുന്നത്. എന്നാല്‍ സമീപകാലത്ത് ഡി.എച്ച്.ആര്‍.എം എന്ന ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടനയുടെ പുറത്ത് ഇടതുസര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് അരങ്ങേറിയ തീവ്രവാദനാടകവും അതു സത്യമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ കോടികള്‍ ചിലവഴിച്ച് മാധ്യമങ്ങളുടെ ശ്രമവും കേരളത്തിലെ ജനാധിപത്യ വിശ്വാസികളേയും ദേശസ്നേഹികളേയും  ഞെട്ടിപ്പിച്ചതാണ്. പോലീസും സംഘപരിവാരവും ചേര്‍ന്ന് 22 ഓളം പട്ടികജാതിവര്‍ഗക്കോളനികള്‍  വ്യപകമായി അക്രമിച്ചു  തകര്‍ത്തു. അവിടെയുള്ളവരെ ഭീകരമായി മര്‍ദ്ദിച്ച് ആട്ടിയോടിച്ചു. 200 ഓളം യുവതീയുവാക്കളെ സ്റ്റേഷന്‍ പീഢനത്തിനും മൂന്നാംമുറയ്ക്കും ഇരയാക്കി. ഗര്‍ഭിണികളെ വരെ പോലീസ് വെറുതേ വിട്ടില്ല. ഗര്‍ഭിണിയായ യുവതിയെ കസ്റ്റടിയില്‍ വെച്ച് ഗര്‍ഭഛിദ്രം വരുത്തി. 29 പേരെ ജയിലില്‍ അടച്ചു പീഢിപ്പിച്ചു. കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ദലിതുഘാതകരായ കേരളത്തിലെ രണ്‍വീര്‍സേനയായി മാറി. മാസങ്ങളോളം നീണ്ട ജാതീയ പീഢനത്തിന് ഇന്നും ശാശ്വതമായ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
(പോലീസിനാല്‍ വേട്ടയാടപ്പെട്ടതിനു ശേഷം നല്‍കിയ സ്വീകരണത്തില്‍ നാലാമത് ദാസ്.കെ.വര്‍ക്കല)
4225 ജാതികളായി ചിന്നിച്ചിതറിക്കപ്പെട്ട പട്ടികജാതി വര്‍ഗക്കാരുടെ മോചനത്തിനും വികസനത്തിനും വേണ്ടി  ഇന്ത്യയില്‍ അരലക്ഷത്തിനു പുറത്ത് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് കേരളത്തിലെത്തുമ്പോള്‍ 103 ജാതികള്‍ക്കായി 567 സംഘടനകളാകുന്നു. അതില്‍ മുപ്പതും നാല്‍പ്പതും വര്‍ഷംവരെ പ്രവര്‍ത്തനപാരമ്പര്യമുള്ള സംഘടനകള്‍ വരെയുണ്ട്. ദലിത് ആദിവാസി ഭൂമി പ്രശ്നം, സംവരണം, എസ്.ടി.പി, ഡി.എസ്.പി ഫണ്ട്, ജാതീയ പീഢനം, കസ്റ്റഡി മരണം തുടങ്ങി ഈ ജനതയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍  ഇവ ഇന്നും കൈകാര്യം ചെയ്യുന്നു. ഈ സംഘടനകളുടെ പുറത്തൊന്നും ആരോപിക്കാത്ത കുറ്റകൃത്യങ്ങളാണ് രണ്ടു വര്‍ഷംപോലും തികയാത്ത ഡി.എച്ച്.ആര്‍.എം ന്റെ പുറത്ത് അടിച്ചേല്‍പ്പിച്ചത്. ദലിത് തീവ്രവാദം, വര്‍ക്കലക്കൊലപാതകം, കോടതി കത്തിക്കല്‍ , പ്രതിമ തകര്‍ക്കല്‍ , തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ അരങ്ങേറിയ വിവിധ അക്രമണങ്ങള്‍ ഇങ്ങനെ നീളുന്നു പട്ടിക. എന്നാല്‍ ഈ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഡി.എച്ച്.ആര്‍.എം ന്റെ മേല്‍ കെട്ടിവെച്ച് പൊതുജനങ്ങളള്‍ക്ക് സംശയം ജനിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ ഇടതു സര്‍ക്കാരും സംഘപരിവാരവും പ്രചരിപ്പിക്കുന്നതല്ലാതെ യാതൊരു തെളിവും നിരത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഡി.എച്ച്.ആര്‍.എം ചെയര്‍മാന്‍ വി.വി.ശെല്‍വരാജ് പറയുകയുണ്ടായി. ഡി.എച്ച്.ആര്‍.എം ന് എതിരെ ആരോപിക്കപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ യ്ക്കു വിടുക, കൊലചെയ്യപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ഡി.എച്ച്.ആര്‍.എം അവരോടൊപ്പം മുന്‍പന്തിയിലുണ്ടാകും. നിരപരാധിയായ ഒരു മനുഷ്യനെ വധിച്ചതിന്റെ പേരില്‍ നിരപരാധികളെ കൂട്ടത്തോടെ കൊല്ലാക്കൊല ചെയ്ത് ജയിലിലടച്ചാല്‍ ശിവപ്രസാദിന്റെ ആത്മാവു പോലും  പൊറുക്കില്ല. പിന്നെന്തിന് സര്‍ക്കാരും പോലീസും സംഘപരിവാറും ദലിതു വേട്ടയ്ക്കിറങ്ങി. ദലിതുവേട്ടയ്ക്ക് പ്രചാരം നല്‍കാന്‍ മാധ്യമങ്ങള്‍ എന്തിനു ശ്രമിച്ചു.
(ശ്രീ.ബി.ആര്‍.പി ഭാസ്ക്കര്‍ പോലീസ് വേട്ടയ്ക്കു ശേഷമുള്ള പ്രതിഷേധയോഗത്തില്‍ സംസാരിക്കുന്നു.)

ദലിതര്‍ സംഘടിച്ചു വിമോചിക്കാന്‍ ശ്രമിച്ചാല്‍ അതിനെ അടിച്ചമര്‍ത്തുന്ന ജാതിനീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യ വ്യവസ്ഥിതി സ്ഥാപിക്കപ്പെട്ടിട്ടും അതില്‍ മാറ്റമുണ്ടായിട്ടില്ല. മാര്‍ക്സിസ്റ്റ് മുഖംമൂടിയണിഞ്ഞ്  ഭരണകൂടഭീകരത ദലിത് വംശഹത്യയക്ക് സര്‍വ സന്നാഹവുമായി മുന്നിട്ടിറങ്ങാന്‍ ദലിതര്‍ എന്തു തെറ്റാണ് ചെയ്തത് ? ദുര്‍ഗന്ധം വമിക്കുന്ന കോളനികളില്‍ ദുരിതജീവിതമകറ്റാന്‍ ഡി.എച്ച്.ആര്‍ .എം പ്രവര്‍ത്തിച്ചതു കൊണ്ടാണോ ?
രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ ചൂഷണത്തില്‍നിന്നും അവരെ മോചിപ്പിച്ചത് കൊണ്ടാണോ ? ജനാധിപത്യമൂല്യം പഠിപ്പിച്ചതു കൊണ്ടോ ? മദ്യമയക്കുമരുന്ന് ലോബികളില്‍ നിന്നും ഈ ജനതയെ രക്ഷിച്ചതു കൊണ്ടാണോ ? അന്ധവിശ്വാസത്തില്‍ നിന്നും ശാസ്ത്രബോധത്തിലേയ്ക്ക് ദലിതരെ നയിച്ചതു കൊണ്ടാണോ ? എന്തേ ദലിതര്‍ക്ക് സ്വന്തം കുടുംബത്തില്‍ സ്വസ്ഥതയും അയല്‍ക്കാരുമായി സൌഹൃദവും പാടില്ലെന്നുണ്ടോ ? കോളനിവാസികള്‍ കലഹക്കാരും ക്രിമിനലുകളുമായി ജനാധിപത്യ ചൂഷകരുടെ തടവറയില്‍ എക്കാലവും കഴിയണമെന്നാണോ ? അത് ജാതിവാദികളുടെ ആഗ്രഹമായിരിക്കാം.
ജനാധിപത്യവ്യവസ്ഥയില്‍ കേരളത്തിലെ ദലിതര്‍ പാലിക്കപ്പെടണമെന്നില്ല. നാരായണഗുരുവും പണ്ഡിറ്റ് കറുപ്പനും അയ്യന്‍കാളിയും സഹോദരന്‍ അയ്യപ്പനും പൊയ്കയില്‍ അപ്പച്ചനും കടന്നുപോയ മണ്ണാണിവിടം. ഇവിടെ ദലിതരുടെ മേല്‍ സംഘപരിവാറിന്റെ രണ്‍വീര്‍സേന  നടമാടിയ താണ്ഡവത്തിന് ചുക്കാന്‍ പിടിക്കുന്ന ഇടതു സര്‍ക്കാരിന് ചുട്ട മറുപടി കൊടുക്കാന്‍ സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമായി ദലിതര്‍ ഉണര്‍ന്നിരിക്കുന്നു. കേരളത്തില്‍ വര്‍ഗീയതയുടെ വിദ്വേഷങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഭരണവര്‍ഗത്തിന്റെയും മാധ്യമവര്‍ഗത്തിന്റെയും കള്ള പ്രചരണങ്ങള്‍ പൊളിച്ചെഴുതി സത്യം അറിയിക്കാന്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടൊപ്പം 'സ്വതന്ത്ര നാട്ടുവിശേഷം' ആഴ്ചപ്പതിപ്പും എത്തുചേരുന്നു.           (സ്വതന്ത്ര നാട്ടുവിശേഷം)

ഇതിനുള്ള പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക.

Aug 11, 2010

ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)

വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച് അവരുടെ  സംഘടന വളര്‍ത്താന്‍ വേണ്ടി നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് രണ്ടാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെ)

ഗാന്ധി ഒരു മഹാത്മാവാണോ ? ഡോ.അംബേദ്കര്‍ പറയുന്നു.

ഗാന്ധി ഒരു മഹാത്മാവാണോ ? ഈ ചോദ്യം പലപ്പോഴും പലയാളുകളും ഡോ.അംബേദ്കറോട് ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ ഏറ്റവും വെറുപ്പിക്കുന്ന ചോദ്യമായിരുന്നു ഇത്. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ അടങ്ങുകയില്ലെന്ന് 'ചിത്രാ' യെന്ന മറാഠി മാസികയുടെ പത്രാധിപര്‍ ശഠിച്ചപ്പോള്‍ അദ്ദേഹത്തിനു മറുപടിയായി ഡോ.അംബേദ്കര്‍ എഴുതിയ ലേഖനമാണിത്.

പൊതുവെ പറഞ്ഞാല്‍ ഒരു സാധാരണഹിന്ദു  മഹാത്മായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പ്രത്യേക തരത്തിലുള്ള ഒരു വേഷവും അസാധാരണമായ ചില സ്വഭാവ വിക്രിയകളും ഒരു വിശ്വാസ പ്രമാണവും അയാള്‍ക്കുണ്ടായിരിക്കണം. ഈ മൂന്നു കാര്യങ്ങളും ഒരു മഹാത്മാവാകാനുള്ള യോഗ്യതകളാണെങ്കില്‍, വിദ്യാവിഹീനരും അജ്ഞാനികളുമായ സാധാരണ ഹിന്ദുക്കളുടെ കണ്ണില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്.
 

വികൃതവും പ്രാക‍തവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും. സാധാരണ രീതിയില്‍ വസ്ത്രം ധരിച്ച് സാധാരണ ജീവിതം നയിക്കുന്ന ഒരാള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്താലും അയാളെ  ആരും ഇവിടെ നോക്കുക പോലും ചെയ്യില്ല. എന്നാല്‍ താടിയും മുടിയും വളര്‍ത്തി അസാധരണ രീതിയില്‍ പെരുമാറുകയോ വസ്ത്രവിഹീനനായി  അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് പിച്ചും പേയും പറയുകയോ, ആകാശത്തേക്കു നോക്കി തൊഴുകയോ, ഓടയില്‍ നിന്ന് വെള്ളം മുക്കി കുടിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ അയാളുടെ കാല്‍ക്കല്‍  വീണ് വണങ്ങാന്‍ തുടങ്ങും. അജ്ഞാനത്തിലും അന്ധവിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന സാധാരണക്കാര്‍ക്ക് ഗാന്ധിയുടെ ഉപദേശങ്ങള്‍ നന്നായി തോന്നും. സത്യത്തിനുവേണ്ടി ദൈവത്തെയും ദൈവത്തിനു വേണ്ടി സത്യത്തെയും താന്‍ ആരായുകയാണെന്ന ഗാന്ധിയന്‍ പ്രഖ്യാപനത്തില്‍ ഭ്രമിച്ച് ആളുകള്‍ അദ്ദേഹത്തെ  പിന്തുടരുന്നു.
 

ത്യവും അഹിംസയും മഹത്തായ തത്വങ്ങളാണെന്നും അവയാണ് തന്റെ ജീവിതാദര്‍ശങ്ങളെന്നും ഗാന്ധി പറഞ്ഞു. പക്ഷേ, ഈ ആദര്‍ശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ലോകത്തിനു പ്രദാനം ചെയ്തത് ശ്രീബുദ്ധനായിരുന്നു. മനുഷ്യര്‍ക്ക് ലഭിക്കുന്ന പ്രയോജനത്തെ ആസ്പദമാക്കി വേണം ഒരാദര്‍ശത്തിന്റെ മൂല്യം വിലയിരുത്തേണ്ടത്. ഈ തത്വങ്ങളെ ജീവിതാദര്‍ശങ്ങളായി അംഗീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട ഗാന്ധിക്ക് അവയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പൊതുവായ നന്മയോ സാംസ്കാരിക ബോധമോ ജനങ്ങള്‍ക്കു നേടിക്കൊടുക്കുവാന്‍ കഴിഞ്ഞോ ? ജീവിതകാലം മുഴുവന്‍ ദൈവാന്വേഷണവും സത്യാന്വേഷണവും നടത്തിയ ഗാന്ധിക്ക് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വല്ല പ്രശ്നങ്ങള്‍ക്കും പോംവഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ?
 

ഞാന്‍ വളരെ സൂഷ്മമായി ഗാന്ധിയുടെ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആത്മാര്‍ത്ഥതയേക്കാള്‍ കൂടുതല്‍ കാപട്യമാണ് അദ്ദേഹത്തില്‍ എനിക്കു കാണാന്‍ കഴിയുന്നത്. എനിക്ക് ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെയും പ്രസ്താവനകളെയും ഒരു കള്ളനാണയത്തോടുപമിക്കാന്‍ മാത്രമേ കഴിയുന്നുള്ളു. ഗാന്ധിയുടെ വിനയം വെറുമൊരു പുറംപൂച്ച് മാത്രമാണ്. സ്വതസിദ്ധമായ കൌശലവും തന്ത്രവുമാണ് ഗാന്ധിയെ പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയിലെത്തിച്ചത്.
 

തന്റെ നൈസര്‍ഗികമായ ആത്മാര്‍ത്ഥതയിലും സല്‍സ്വഭാവത്തിലും കഴിവിലും പൂര്‍ണമായി വിശ്വാസമുള്ള ഒരാള്‍ക്കു മാത്രമേ മഹാനാകാന്‍ കഴിയുന്നുള്ളു. അങ്ങനെയുള്ള ഒരാള്‍ക്ക് ഒരു കഠാര തന്റെ തുണിക്കുള്ളില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല.

നെപ്പോളിയന്‍ തന്റെ ശത്രുക്കളെ മുന്‍നിരയില്‍ നിന്നു മാത്രമേ എതിര്‍ത്തിട്ടുള്ളു. ചതിയിലും വഞ്ചനയിലും ഒരു കാലത്തും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. കുതികാലുവെട്ടും മുതുകില്‍ കുത്തും അദ്ദേഹം നടത്തിയിരുന്നില്ല. ദുര്‍ബലന്റെയും ഭീരുവിന്റെ ആയുധങ്ങളാണ് ചതിവും വഞ്ചനയും. ഗാന്ധി എല്ലായ്പ്പോഴും ആ ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. താന്‍ ഗോഖലയുടെ വളരെ വിശ്വസ്തനായ ഒരു ശിഷ്യനാണെന്ന് വളരെക്കാലം അവകാശപ്പെട്ടു. അതിനുശേഷം തിലകനെ പുകഴ്ത്താന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞ് തിലകനെ വെറുത്തു. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. തിലകന്റെ പേര് ഉപയോഗിച്ചില്ലെങ്കില്‍ സ്വരാജ്യ ഫണ്ടിലേക്കു ഒരു കോടി രൂപ പിരിക്കാന്‍ കഴിയില്ലെന്ന് ഗാന്ധിക്കറിയാമായിരുന്നതു കൊണ്ടാണ് ആ ഫണ്ടിന് 'തിലക് ഫണ്ട് ' എന്ന പേരു കൊടുത്തത്.
 

ക്രിസ്തുമതത്തിന്റെ ജന്മശത്രുവായിരുന്നു ഗാന്ധി. പക്ഷേ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പാശ്ചാത്യരെ പ്രീണിപ്പിക്കാന്‍ വേണ്ടി എപ്പോഴും ബൈബിളില്‍ നിന്നും വാക്യങ്ങള്‍ ഗാന്ധി ഉദ്ധരിക്കാറുണ്ട്.
 

ഗാന്ധിയുടെ ശരിയായ സ്വഭാവം എന്തായിരുന്നുവെന്ന് തെളിയിക്കാനാന്‍ വേണ്ടി രണ്ടു ഉദാഹരണങ്ങള്‍ എനിക്കിവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.

പട്ടികജാതിക്കാരുടെ പ്രതിനിധികളായി  അവരുടെ നേതാക്കന്മാരെ ബ്രിട്ടീഷ് ഗവണ്മെന്റ്  വട്ടമേശസമ്മേളനത്തില്‍ ക്ഷണിച്ചിരുന്നു. അവരുടെ അവകാശങ്ങള്‍ക്കെതിരായി താന്‍ ഒരിക്കലും നില്‍ക്കുകയില്ലെന്ന്  ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ അവരുടെ ന്യായമായ അവകാശങ്ങള്‍ അവരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ അവതരിച്ചപ്പോള്‍ ഗാന്ധി തന്റെ വാഗ്ദാനം മറന്ന് അവയെ ശക്തമായി എതിര്‍ത്തു. ഈ പ്രവര്‍ത്തി പട്ടികജാതിക്കാരുടെ നേരെ ഗാന്ധി കാണിച്ച വിശവാസ വഞ്ചനയാണ്. കൂടാതെ മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളെ  ഗാന്ധി രഹസ്യമായി സമീപിച്ച് അവര്‍ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കെതിരായ ഒരു നിലപാട് സമ്മേളനത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍ അവരുടെ (മുസ്ലീങ്ങളുടെ ) പതിനാല് ആവശ്യങ്ങളെയും താന്‍ പിന്താങ്ങുമെന്ന് ഗാന്ധി അവര്‍ക്ക് ഉറപ്പു നല്‍കി. ഒരു പടുകള്ളന്‍ പോലും ഇപ്രകാരം ചെയ്യാന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. പക്ഷേ ഗാന്ധി അത് ചെയ്തു. ഗാന്ധിയന്‍ വഞ്ചനകളുടെ ഒരു ഉദാഹരണം മാത്രമാണിത്.

നെഹ്രു കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചക്കു വേണ്ടി കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുസ്ലീങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭേദഗതി ഈ റിപ്പോര്‍ട്ടില്‍ വരുത്തണമെന്ന ജിന്നയുടെ ആവശ്യമനുസരിച്ചാണ് ഈ ഭേദഗതി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതിനെ ശക്തമായി എതിര്‍ക്കാന്‍ ഗാന്ധി ജയക്കറെ രഹസ്യമായി  പ്രേരിപ്പിച്ചു. ജയക്കറും കൂട്ടരും ചേര്‍ന്ന് അതിനെ നഖശിഖാന്തം എതിര്‍ത്തു. മോട്ടിലാല്‍ നെഹ്രു മുസ്ലീങ്ങളുടെ എല്ലാ അവകാശങ്ങളും അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അനുവദിച്ചു കൊടുത്തുവെന്നും അവയില്‍ കൂടുതലായി ഒന്നും തന്നെ ഇനിയും അനുവദിച്ചു കൊടുക്കാന്‍ പാടില്ലെന്നുമായിരുന്നു ഗാന്ധിയുടെ നിലപാട്. ഇത് വെളിയില്‍ പറയാതെ ജയക്കറേയും കൂട്ടരേയും ഇളക്കിവിടുകയാണ് ഗാന്ധി ചെയ്തത്. ഈ രഹസ്യം സമ്മേളനത്തില്‍ പങ്കുകൊണ്ടിരുന്ന എല്ലാ പ്രമുഖ നേതാക്കന്മാര്‍ക്കും അറിയാമായിരുന്നു.

പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്രുവിനെ അപമാനിക്കാന്‍ കൂടിയാണ് ഈ ഭേദഗതിയെ ഗാന്ധി എതിര്‍ത്തത്. ഹിന്ദു-മുസ്ലീം ശത്രുതക്കുള്ള പ്രധാന കാരണം ഗാന്ധിയുടെ ഇത്തരത്തിലുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളാണ്. പട്ടികജാതിക്കാരുടെയും മുസ്ലീങ്ങളുടെയും ഉറ്റ ബന്ധുവാണെന്നും അവരുടെ എല്ലാത്തരത്തിലുമുള്ള നന്മക്കും വേണ്ടി അടിയുറച്ചു നില്‍ക്കുന്ന ഒരനുഭാവിയാണെന്നും പ്രഖ്യാപിച്ചു നടന്ന ഗാന്ധി തന്നെയാണ് തക്കസമയത്ത് യാതൊരു മടിയുമില്ലാതെ അവരെ വഞ്ചിച്ചത്. ഇത് വളരെ വേദനിപ്പിച്ച ഒരു കാര്യമാണ്. ഗാന്ധിയുടെ ഇത്തരം ചതിവുകളെ വെളിപ്പെടുത്തുവാന്‍ ഉതകുന്ന ഒരാപ്തവാക്യമുണ്ട്. (ഭഗവല്‍ മെ ചുരി മൂവ് മെ റാം റാം) "കക്ഷത്ത് കഠാരയും ചുണ്ടില്‍ രാമനാമവും". അങ്ങനെയുള്ള ഒരാളെ മഹാത്മാവെന്ന് വിളിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ വെറുമൊരു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മാത്രമാണ്. "ചിത്ര"യുടെ പത്രാധിപര്‍ ഇത്രയും കൊണ്ട് തൃപ്തിപ്പെടുമെന്ന് ഞാന്‍ കരുതുന്നു.


(അവലംബം:- ഗാന്ധിസം അധഃസ്ഥിതന്റെ അടിമച്ചങ്ങല - റ്റി.കെ. നാരായണന്‍)


കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക

Jul 26, 2010

ഹിന്ദുഭീകരവാദികളുടെ കഷ്ടകാലമാണോ ?

കുറ്റവാളികള്‍- കീഴടങ്ങിയവനും കീഴടക്കേണ്ടവനും   
നിരപരാധികളായ ഭരണകര്‍ത്താക്കളും നിക്ഷിപ്ത താല്പര്യങ്ങളില്ലാത്ത പൊതുപ്രവര്‍ത്തകരും കുറ്റാരോപിതരായ ഉടനെ ഒളിവില്‍ പോകുകയാണോ ചെയ്യേണ്ടത് ?  സാധാരണ പൌരന്മാര്‍ പോലും തനിക്കു പങ്കില്ലാത്ത ഒരു കുറ്റകൃത്യത്തില്‍ പ്രതിയാക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെടുകയാണെങ്കില്‍ മനഃസ്ഥൈര്യം നഷ്ടപ്പെടാതെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വീറും വാശിയും കാണിക്കുകയാണ് പതിവ്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യം തന്നെയാണ് ഒരുവനെ അന്വേഷണ സംബന്ധമായ ഏതു നടപടിയേയും ധീരമായി നേരിടാന്‍ പ്രാപ്തനാക്കുന്നത്. മറിച്ച് യഥാര്‍ത്ഥ കുറ്റവാളിക്ക് താന്‍ പിടിക്കപ്പെടുക എന്നത് ഒരു കിരാത സ്വപ്നമായിരിക്കും. അയാളുടെ സമനില തന്നെ തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. അയാള്‍ ആകുന്നത്ര മുന്‍കൂര്‍ ജാമ്യമുള്‍പ്പെടെയുള്ള  മുന്‍കരുതലുകള്‍ക്കു വേണ്ടി പെടാപ്പാടു പെട്ടുകൊണ്ടിരിക്കും. ഇതാണ്  സാധാരണക്കാര്‍ക്കു പോലും തിരിച്ചറിയാനാകുന്ന, നിരപരാധിയും കുറ്റവാളിയും തമ്മിലുള്ള  മനഃശാസ്ത്രപരമായ വ്യത്യാസം. അപ്പോള്‍  ഗുജറാത്തില്‍ ഒളിച്ചോടിയ മന്ത്രി അമിത്ഷായും അയാളെ ഒളിക്കാന്‍ വിട്ടുകൊണ്ട് പൊട്ടന്‍ കളിച്ച മോഡിയും കൂട്ടരും കുറ്റവാളികളാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ !


ഗുജറാത്തില്‍ , 2002 ലെ മുസ്ലീം കൂട്ടക്കൊലക്കുശേഷം  കുറഞ്ഞത്  31- ലധികം വ്യജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നിഷ്ക്കരുണം നടപ്പാക്കിയ നരേന്ദ്രമോഡിയെന്ന നരാധമന്റെ കൂട്ടാളിയാണ് അമിത്ഷായെന്ന ആഭ്യന്തര സഹമന്ത്രി . കേസില്‍ കുടുങ്ങുമെന്ന യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാനുള്ള മനഃസ്ഥൈര്യമില്ലാതെ ഊണും ഉറക്കവും നഷ്ടപ്പെട്ട ഈ ഭീരുവിന്റെ ശരീരഭാരം പത്തുകിലോ പെട്ടെന്നു കുറഞ്ഞെന്നാണ് വാര്‍ത്ത. സര്‍ക്കാരിന്റെ ഭാഗമായിരുന്നു കൊണ്ട് പൊതുജനസേവനം നടത്തിയിരുന്ന ഈ  നട്ടെല്ലില്ലാത്ത ഹിന്ദുഭീകരവാദി  കാട്ടിയ മാതൃക നാട്ടിലെ പൌരന്മാര്‍ അനുകരിക്കുകയാണെങ്കില്‍  കുറ്റപത്രം കിട്ടുന്ന ഒരുമാതിരിപ്പെട്ട സമ്പന്നരെല്ലാം ചന്ദ്രനിലേക്കു കടന്നു കളയുമല്ലോ ?! ഇങ്ങനെയാണോ സാധാരണക്കാരായ ജനങ്ങള്‍ക്ക്  ഭരണാധികാരികള്‍ മാതൃകയാകേണ്ടത് ? ഗുജറാത്ത് ഭരണകൂടവും അതിന്റെ തലവനായ മോഡിയും അമിത്ഷായും നിയമവാഴ്ചയെ അവഹേളിച്ചു കൊണ്ട്, ജനാധിപത്യത്തെ അവഹേളിച്ചു കൊണ്ട് കുറ്റപത്രം കിട്ടിയാലുടന്‍  ഒളിച്ചിരിക്കാനുള്ള മാതൃക കാട്ടിത്തന്നിരിക്കുന്നു.
ഹിന്ദുഭീകരവാദികളായ ഒരു പറ്റം കൊടുംക്രിമിനലുകളാണ്  ബിജെപ്പിക്കാരും ആര്‍എസ്എസുകാരും. അവര്‍ നേതൃത്വം കൊടുക്കുന്ന ഭീകര ഭരണകൂടമാണ് ഗുജറാത്തിലേത്. സത്യവും നീതിബോധവും തരിമ്പു പോലുമില്ലാത്ത ഭീരുത്വവും ചതിയും വഞ്ചനയും ക്രൂരതയും മൃഗീയതയും കൂട്ടിക്കൊടുപ്പു സ്വഭാവും രക്തത്തിലലിഞ്ഞു ചേര്‍ന്ന ബ്രാഹ്മണിക സംസ്ക്കാരമെന്ന സനാതന സംസ്ക്കാരത്തിന്റെ വക്താക്കളായ സംഘപരിവാറികള്‍ നടത്തുന്ന ഭരണകൂടം ഇതില്‍പരം എന്തു മാതൃകയാണ് കാട്ടേണ്ടത് ?
വസാനം നാറാനുള്ളതു നാറിയ ശേഷം ആശാനെ ഹാജരാക്കിയിരിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ഗുജറാത്തു ഭരണകൂടത്തിനു തന്നെ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വരുമെന്നും മനസ്സിലാക്കിയപ്പോള്‍ ഗത്യന്തരമില്ലാതെ പ്രതിയെ കീഴടക്കി.
2005 നവംബര്‍  24 നാണ്  സൊഹ്റാവുദ്ദീന്‍ ശൈഖ്, ഭാര്യ കൌസര്‍ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള  ബസ് യാത്രക്കിടയില്‍ ഗുജറാത്ത് - രാജസ്ഥാന്‍ സംയുക്ത പോലീസ് സംഘം അറസ്റ്റുചെയ്തത് . രണ്ടു ദിവസത്തിനു ശേഷം(നവംബര്‍ 26) അഹമ്മദാബാദിനടുത്ത് വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീനും കൌസര്‍ബിയും കൊല്ലപ്പെട്ടു. കേസിലെ ഏക സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതി ഒരു വര്‍ഷത്തിനു ശേഷം സംഘടിപ്പിച്ച മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ 2006 ഡിസംബര്‍ 28 നു കൊല്ലപ്പെട്ടു.
സൊഹ്റാബുദ്ദീന്‍ ഗുണ്ടാത്തലവനാണെന്നും ലഷ്കര്‍-ഇ-തോയിബയുമായി ബന്ധമുണ്ടെന്നും 2002-ലെ ഗുജറാത്ത് അക്രമങ്ങള്‍ക്ക് പ്രതികാരമായി ഇയാള്‍ നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നുമാണ് ഗുജറാത്ത് പോലീസ് പ്രചരിപ്പിച്ചത്. സൊഹ്റാബുദ്ദീന്റെ ഭാര്യയെ കൊന്ന് ശരീരം കത്തിച്ചു കളഞ്ഞ് തെളിവ് നശിപ്പിച്ചു.
സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുഹാബുദ്ദീന്‍ ഫയല്‍ ചെയ്ത പെറ്റീഷന്‍ പ്രകാരമാണ്  സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത്. 2007 മാര്‍ച്ചില്‍  കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വിവാദമായതോടെ സൊഹ്റാബുദ്ദീന്‍  വധിക്കപ്പെട്ടത്  വ്യാജ ഏറ്റുമുട്ടലിലൂടെ ആയിരുന്നെന്ന് മാര്‍ച്ച്-23 ന്  ഗുജറാത്ത് ഗവണ്‍മെന്റ്  കോടതിയില്‍ സമ്മതിച്ചു.
ഹോദരന്‍ റുഹാബുദ്ദീന്‍ സുപ്രീംകോടതിയില്‍ ഗുജറാത്ത് ഗവണ്മെന്റ്  കൌസര്‍ബിയെ കോടതിയില്‍ ഹാജരാക്കാന്‍  നിര്‍ദേശിക്കണമെന്ന്  അപേക്ഷിച്ചു. മറുപടിയായി കൌസര്‍ബീയെ കൊലചെയ്ത് ശരീരം കത്തിച്ചു കളഞ്ഞതായി  ഗുജറാത്ത് ഗവണ്‍മെന്റ്  ഏപ്രില്‍ 30 ന്  സുപ്രീംകോടതിയില്‍ സമ്മതിച്ചു. ഇന്ത്യന്‍ പോലീസ് സര്‍വീസിലെ സീനിയര്‍ ഓഫീസറായ ഗീതാ ജോഹ്റി  തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ട്  കൊലപാതകം വ്യജ ഏറ്റുമുട്ടല്‍ മൂലമായിരുന്നെന്ന്  റിപ്പോര്‍ട്ട് ശരിവെച്ചിരുന്നു.


തെളവുകള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞു എന്നു ബോധ്യമായപ്പോള്‍ സി.ബി.ഐയെ, കോണ്‍ഗ്രസ്സ് ചട്ടുകമാക്കി തങ്ങള്‍ക്കെതിരെ രാഷ്ട്രീയഗൂഢാലോചന നടത്തുകയാണെന്ന ആരോപണമാണ് സംഘ്പരിവാര്‍ ശക്തികള്‍ മുന്നോട്ടു വെയ്ക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലും അന്വേഷണറിപ്പോര്‍ട്ടുകളിലെ തെളിവുകളേയും പുഛിച്ചു തള്ളുകയാണ്   ഹിന്ദുഭീകരവാദികള്‍. വ്യാജ ഏറ്റുമുട്ടലിലാണ് സൊഹ്റാബുദ്ദീനെയും ഭാര്യയേയും കൊന്നതെന്ന് ഗുജറാത്ത് ഗവണ്മെന്റു തന്നെ സുപ്രീം കോടതിയില്‍  സമ്മതിച്ച കാര്യം മറന്നു കൊണ്ട് മോഡിയും ഷായും കുറ്റവാളികളല്ലെന്നും ഇതെല്ലാം അവര്‍ക്കെതിരെയുള്ള ഗൂഢാലോചനകളാണെന്നും പറയുന്നത് ജനസമാന്യത്തെ കൊഞ്ഞനം കാണിക്കലാണ്. ഇത് എല്ലാ കുറ്റവാളികളും സ്വാഭാവികമായി പറയുന്ന ഡിഫന്‍സുമാത്രമാണ്.


2002-ലെ ഗുജറാത്ത് കലാപങ്ങള്‍ക്കു ശേഷവും മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള പദ്ധതികളുടെ ഭാഗമായി,  മുസ്ലീം ഭീകരവാദത്തിന് ബലമേകാന്‍ നടത്തിയിട്ടുള്ള വ്യജ ഏറ്റുമുട്ടലുകള്‍ പലതും ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ കേസില്‍ തന്നെ ആന്ധ്രാപ്രദേശിലെയും രാജസ്ഥാനിലേയും പോലീസ് ഓഫീസറന്മാരുടെ പങ്കും അവര്‍ക്ക് ഗുജറാത്ത് പോലീസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മൂവര്‍ക്കും മാര്‍ബിള്‍ മാഫിയയുമായുള്ള ബന്ധവും കൂടി തെളിഞ്ഞു വരുവാനിരിക്കുന്നു. അതിനായി സുപ്രീംകോടതി  കണ്ണുതുറക്കുമെന്നു പ്രതീക്ഷിക്കാം.