Jun 12, 2012

അക്ഷരവെളിച്ചത്തിന്റെ നാൾവഴികൾ.

വാരാദ്യമാധ്യമത്തിൽ വന്നൊരു  ലേഖനം.,കീഴാള രാഷ്റ്റ്രീയത്തിന്റെ സൂക്ഷമതല വിശകലനത്തിന്റെ പ്രസക്തി വെളിവാക്കുന്നതാണ്.പത്തനംതിട്ട ജില്ലയിലെ,റാന്നി താലൂക്കിന്റെ മലയോര പ്രദേശത്ത്,മലവേടൻ സമുദായത്തിൽ പെട്ട ഇ.കെ.കേശവൻ എന്ന അദ്ധ്യാപകന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് വിഷയം.അക്ഷരവെളിച്ചം വീശാതിരുന്ന ആദിവാസി സമൂഹത്തെ,അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ,കാട്ടുകമ്പുകളും തേക്കിലയും കൊണ്ട് നാലു പള്ളികൂടങ്ങൾ ഉണ്ടാക്കി.1957-ൽ ഈ നാലുസ്കൂളും സർക്കാർ ഏറ്റെടുത്തു.ഏഴാംക്ലാസ്സുകാരനായ അദ്ദേഹത്തെ അദ്ധ്യാപകനായി നിയമിച്ചു.(ലേഖനം മുഴുവൻ വായിച്ചാലേ അദ്ദേഹം നേരിട്ട പ്രതിസന്ധികളുടെ ഒരറ്റമെങ്കിലും കാണാനാകൂ)
                    കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപം കൊണ്ട,കീഴാള ജാതിസമൂഹങ്ങളുടെ ,മനുഷ്യാവകാശ-വിദ്യാഭ്യാസാവകാശ പോരാട്ടങ്ങളുടെ തുടർച്ചതന്നെയായിരുന്നു.,ഇ.കെ.കേശവന്റേതും.ഇതിനും നാലുപതിറ്റാണ്ടു മുമ്പ് ശ്രീ.അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന പൊതു വിദ്യാലയപ്രവേശനത്തിനു വേണ്ടി നടത്തിയ പോരാട്ടം,ഇന്ത്യയിലെ ആദ്യത്തെ കാർഷിക കലാപത്തിലാണ് അവസാനിച്ചത്.അയ്യങ്കാളിയെ പോലെതന്നെ മറ്റ് ഇതര സമൂദായ നേതാക്കളും സ്വന്തമായി പള്ളികൂടങ്ങൾ സ്ഥാപിച്ചു കൊണ്ടാണ് ഈ വിഷയത്തെ നേരിട്ടത്.പറയ സമുദായ നേതാവ് ,ശ്രീ.കാവാരികുളം കണ്ടങ്കുമാരൻ,അമ്പത്തിയാറ് പള്ളികൂടങ്ങളാണ് ,തിരുവിതാംകൂറിന്റെ പലഭാഗത്തായി സ്ഥാപിച്ചത് .ശ്രീമൂലം പ്രജാസഭയിൽ ചെയ്ത പ്രസംഗങ്ങൾ കൂടുതലും ഇത്തരം സ്കൂളുകൾക്ക് ഗ്രാന്റ് കിട്ടുന്നതിനു വേണ്ടിയായിരുന്നു.മറ്റൊരാൾ പൊയ്കയിൽ അപ്പച്ചനായിരുന്നു.രണ്ട് ഇംഗ്ലീഷ് പള്ളികൂടങ്ങളൂൾപ്പെടെ എട്ടു സ്കൂളുകൾ സ്ഥാപിച്ചു.ഇതിൽ ഒന്നൊഴികെ എല്ലാം പൂട്ടി.ഇത്തരം അനേകം സ്കൂളുകളും(സങ്കപള്ളികൂടങ്ങൾ എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്)കൃസ്ത്യൻ മിഷനറിമാരുടെ പള്ളിതന്നെ പള്ളികൂടമാക്കി ക്കൊണ്ടു നടന്ന വിദ്യാഭ്യാസപ്രവർത്തനങ്ങളാണ്,ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും കീഴാള ജാതിസമൂഹങ്ങൾ  നേടിയെന്നു പറയാനും മാത്രമുള്ള നേട്ടം.മിഷനറി സ്കൂളിലൊഴിച്ചുള്ള മറ്റ് അയിത്തജാതികളുടെ ഒന്നും രണ്ടു ക്ലാസുകളുള്ള പള്ളികൂടത്തിലെ വധ്യാന്മാർക്കുള്ള ചിലവ് നാട്ടിൽ നിന്നും പിടിയരി പിരിച്ചും,കൊയ്യുന്ന പാടത്തുനിന്നും ,കപ്പകാലായിൽ നിന്നും പതമായി കിട്ടുന്നതായിരുന്നു.സഹനങ്ങളുടേയും,കഷ്ടപ്പാടിന്റേയും,കരുതലുകളുടെതുമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്നത്തെ ദലിത് ജനസമൂഹം.വിഭവാധികാരത്തിൽ നിന്നും പരിപൂർണ്ണമായി ഒഴിവാക്കപ്പെട്ട ഈ സമൂഹം ഇന്ന്  അടുക്കളയിൽ ശവമടക്കേണ്ടുന്ന ഗതിയിലാണ്.നിരന്തരം പോരാട്ടങ്ങളിലൂടെ കടന്നു പോകേണ്ടുന്ന ഗതികേട് ഇന്ത്യയിൽ മറ്റേത് സമൂഹത്തിനുണ്ട്..?