“ജിന്ന-ഇന്ത്യാ വിഭജനവും സ്വാതന്ത്ര്യവും”എന്ന പുസ്തകത്തിന്റെ പേരില്‍ ജസ്വന്ത് സിംഗിനെ ബി.ജെ.പി പുറത്താക്കി. പാക്കിസ്ഥാനില്‍വെച്ച് ജിന്ന മതേതരജനാധിപത്യവാദിയായിരുന്നു എന്ന് അദ്വാനി പറഞ്ഞത്തിന്റെ പുകില് കെട്ടടങ്ങിയിട്ടില്ല. ജിന്നയെ പോലുള്ള ദേശീയനായകന്മാരേയും ചരിത്രപ്രാധാന്യമുള്ള വ്യക്തിത്വങ്ങളെയും, ദേശ-രാഷ്ട്രചരിത്രത്തിന്റെ മങ്ങിയ വെളിച്ചത്തിലോ സംശയത്തിന്റെ നിഴലിലോ മാറ്റിനിറുത്തുന്ന പ്രവണത ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലം മുതലേ ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു മഹാനായ കവി ഇഖ്ബാല്‍.
ആധുനിക ഭാരതത്തിന്റെ തത്വചിന്താമണ്ഡലത്തില്‍ രവീന്ദ്രനാഥടാഗോറിനെ പോലെ വ്യക്തിമുദ്ര പതിപ്പിച്ച ദാര്‍ശനിക കവിയായിരുന്നു ഷെയ്ക്ക് മുഹമ്മദ് ഇഖ്ബാല്‍. ഉപനിഷത്തുകളിലെ ആത്മീയതയും തത്വചിന്തയുമാണ് ടാഗോറിനെ ആകര്‍ഷിച്ചതെങ്കില്‍ ഖുറാന്റെ അഗാധതയിലെ ഉറവുകളാണ് ഇഖ്ബാലിന്റെ ദാഹം തീര്‍ത്തത്. ടാഗോറിന്റെ കവിതകളില്‍ കബീര്‍, ചൈതന്യന് തുടങ്ങിയ വൈഷ്ണവകവികളുടെ സ്വാധീനം കാണാം. ഇഖ്ബാലിന് റൂമി, ഗാലിബ്, ഹാലി തുടങ്ങിയ കവികളോടാണ് കടപ്പാട്. രണ്ടു പേരും സയന്‍സിന്റെ ആരാധകരായിരുന്നു. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റേയും സൌന്ദര്യം രണ്ടുപേര്‍ക്കും വിഷയമായി. ഐഹിക ജീവിതത്തില്‍ നിന്നും ഒളിച്ചോടാനോ ഭൂതകാലത്തിലേക്കു മടങ്ങാനോ ശ്രമിക്കുന്നതിനു പകരം ഭൂതകാല-ആത്മീയാദര്‍ശങ്ങളെ ആധുനികയുഗത്തിനനുയോജ്യമായി വ്യാഖ്യാനിക്കുകയാണ് രണ്ടു പേരും ചെയ്തത്. പക്ഷേ സ്വാതന്ത്ര്യാനന്തരം ഇവര്‍ രണ്ടു രാജ്യങ്ങളുടെ ദേശീയകവികളായി മാറിയതിന്റെ ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു.
“ദേശീയതയുടെ ഹൈന്ദവീകരണം”
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യയില്‍ രൂപം കൊണ്ട ദേശീയപ്രസ്ഥാനം ഒരു ഹൈന്ദവദേശീയത നിര്‍മ്മിച്ചെടുക്കാന്‍ യത്നിച്ചിരുന്നു. രാജാറാംമോഹന്റായി മുതല്‍ വിവേകാനന്ദന്‍വരെയുള്ളവര്‍ നവോത്ഥാനം എന്ന പരികല്‍പ്പനയിലൂടെ ഈ ദേശീയതയെ ആന്തരവല്‍ക്കരിക്കാന്‍ ശ്രമിച്ചു. പക്ഷേ ഇന്ത്യന്‍ ജീവിതത്തിന്റെ സാമൂഹിക-സാംസ്ക്കാരിക വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും പ്രശ്നവല്‍ക്കരിക്കാനോ പാഠവല്‍ക്കരിക്കാനോ ദേശീയരാഷ്ട്രീയ-സാംസ്ക്കാരിക നേതൃത്വം ശ്രമിച്ചില്ല. ജാതി/മത ക്രമത്തിന്റെ അധികാരഘടനയേയോ ചിന്താരൂപങ്ങളേയോ ചോദ്യം ചെയ്യുവാനോ സാമൂഹ്യനീതിയിലധിഷ്ഠിതമായ ജനാധിപത്യചിന്ത വികസിപ്പിച്ചെടുക്കാനോ കഴിഞ്ഞില്ല. അതുകൊണ്ടാണ് ദേശീയപ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യശാസ്ത്രാടിത്തറ ഹൈന്ദവപ്രത്യയശാസ്ത്രമായി മാറിയത്. ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളില്‍ പലര്‍ക്കും ജാതിധര്‍മ്മത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കുമ്പോള്‍, സര്.സി.ശങ്കരന്‍നായര്‍ക്ക് മറ്റു കോണ്‍ഗ്രസ്സ് നേതാക്കളുടെ അടുത്തിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇവിടുത്തെ നാടുവാഴി/ജന്മി രാജാധികാരമുള്ളയാളായിരുന്നു അദ്ദേഹം എന്നോര്‍ക്കണം. അതായത് ഇന്ത്യന്‍ ദേശീയതയുടെ വരേണ്യവ്യവഹാരങ്ങളില്‍ ഇടമില്ലാതിരുന്ന മഹാഭൂരിപക്ഷത്തേയും ബഹിഷ്ക്കൃതരാക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുക വഴി അത്തരം സമൂഹങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഉന്നതവ്യക്തിത്വങ്ങളേയും മങ്ങിയ വെളിച്ചത്തിലേക്ക് തള്ളിനീക്കുകയാണുണ്ടായത്. ഇതിന്റെ കാലികദൃഷ്ടാന്തമാണ് വര്‍ഷങ്ങളോളം അംബ്ദേക്കര്‍കൃതികള്‍ മറച്ചുവച്ചിരുന്നത്. (അദ്ദേഹത്തെക്കുറിച്ചുവന്ന സിനിമ പോലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ല.)
ഇഖ്ബാലിന്റെ ചിന്തകളിലേക്ക് തിരിച്ചുവരാം. മതത്തെയും സാമൂഹികപരിവര്‍ത്തനത്തെയും വ്യത്യസ്ഥമായി കണ്ട കവിയായിരുന്നു അദ്ദേഹം. സാമ്രാജ്യത്തവും സങ്കുചിതദേശീയവാദവും നമ്മുടെ സ്വര്‍ഗ്ഗം കവര്‍ന്നെടുക്കുകയും സാഹോദര്യത്തെ നശിപ്പിക്കുകയും യുദ്ധത്തിന്റെ വിത്തുകള്‍ വിതക്കുകയും ചെയ്യുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
“സ്വതന്ത്രമനുഷ്യന്റെ രക്തധമനികള്‍ ഇരുമ്പുധമനികള്‍ പോലെ ഉറപ്പുള്ളത്.
പരതന്ത്രന്റെതാകട്ടെ മുന്തിരിവള്ളികള്‍പോലെ ദുര്‍ബ്ബലവും”
സ്വാതന്ത്ര്യദാഹത്തിന്റേയും ദേശസ്നേഹത്തിന്റേയും ധാരാളം ഗീതങ്ങളെഴുതിയ ഇഖ്ബാല്‍ “നിന്റെ ഭൂമിയില്‍ നിനക്ക് അധികാരമുണ്ടായേ തീരൂ ” എന്ന് കൃത്യമായ രാഷ്ട്രീയനിലപാടെടുക്കുന്നു. നിലവിലുള്ള മര്‍ദ്ദനാധിഷ്ഠിത സാമൂഹികവ്യവസ്ഥയില്‍ ദു:ഖം കര്‍മ്മഫലമാണെന്ന ന്യായം പറഞ്ഞുകൊണ്ട് മര്‍ദ്ദിതരോട് സംതൃപ്തരാകാന്‍ ഉപദേശിക്കുന്ന മതബോധത്തെ തള്ളിക്കളയുന്നു. “അസംതൃപ്തിയും അസ്വസ്ഥതയുമാണ് പൌരുഷത്തിന്റെ ലക്ഷണങ്ങള്‍”
അംബ്ദേക്കര്‍ അയിത്തജാതികളുടെ ഭാഷയിലും വിഷയത്തിലുമൂന്നി സംസാരിച്ചപോലെയാണ് ഇഖ്ബാലും മതഭക്തനായ ഒരു മുസ്ലീമിന്റെ ഭാഷ സ്വീകരിച്ചത്. മുസ്ലിമിനെ പട്ടിണിയില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിപ്പിക്കുകയാരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മതത്തെയും വ്യവസായവല്‍ക്കരണത്തിന്റെ ഫലമായി പാശ്ചാത്യരാജ്യങ്ങളിലുണ്ടായ പരിഷ്ക്കാരങ്ങളേയും കൂട്ടിയിണക്കാനാണ് ശ്രമിച്ചത്.
1930-ല്‍ മുസ്ലിംലീഗിന്റെ അദ്ധ്യക്ഷനായതില്‍ പിന്നെ ഇസ്ലാമായിത്തീര്‍ന്നു. 1037- ആകുമ്പോഴേക്കും “രാജ്യത്തെ ജാതി/മത/ഭാഷ അടിസ്ഥാനത്തില്‍ പുനര്‍വിഭജിക്കാത്തിടത്തോളം കാലം ഇന്ത്യയില്‍ സമാധാനമുണ്ടാകില്ല.” എന്ന നിലപാടില്‍ എത്തി.
അങ്ങനെ ഒരു കാലത്ത് ദേശാഭിമാനപരങ്ങളായ ഗാനങ്ങള്‍ കൊണ്ട് (സാരെ ജഹാന്‍സേ അച്ചാ.....) ആവേശം കൊള്ളിച്ച മഹാകവി ഇന്ത്യയുടെ വിഭജനത്തിനു പ്രചോദനം നല്കിയതെന്തു കൊണ്ട്...... !!??
മാതൃപഞ്ചകം
-
ശങ്കരാചാര്യരുടെ വിഖ്യാതമായ മാതൃപഞ്ചകം എന്ന കൃതിയുടെ വൃത്താനുവൃത്തപരിഭാഷ.
2021 മെയ് 12-ന് ഇത് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. മൂലം പരിഭാഷ
മുക്താമണിസ്ത്വ...
1 year ago