Dec 3, 2010

ഇംഗ്ലീഷ് ഭാഷയും കീഴാള സമൂഹങ്ങളും

മെക്കാളെ പ്രഭുവിനും ഒരു അമ്പലം.
(സി.എസ്.സലീല്‍-സമകാലിക മലയാളം വാരികയില്‍ കൊടുത്ത കുറിപ്പാണിത്)
          സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ പുതുമയുള്ളതല്ല.
എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇംഗ്ലീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ,ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ
ആര്‍ക്കിടെക്റ്റായ മെക്കാളയുടെ പ്രതിമയുള്ള ക്ഷേത്രമാണ് സ്വതന്ത്ര ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.ബ്രീട്ടീഷ് 
ഭരണകൂടം ഇന്ത്യ വിട്ടുപോയി നൂറ്റാണ്ടിനു ശേഷം’ദലിത’രുടെ ഉയര്‍ത്തെഴുന്നേല്പിന്റെ ദിനങ്ങളിലേക്ക് അവരെ
നയിക്കുന്നതിന്റെ ഭാഗമാണ്’മെക്കാളെ ക്ഷേത്ര’ത്തിന്റെ നിര്‍മ്മാണമെന്ന് ദലിത് ബുദ്ധിജീവികള്‍ പറയുന്നു.
          ഉത്തര്‍പ്രദേശിലെ ബര്‍കാ ഗ്രാമത്തിലാണ് ഇംഗ്ലീഷ് ഭാഷയുടെ പ്രചാരണത്തിനായി ‘മെക്കാളെ ക്ഷേത്രം’
നിര്‍മ്മിക്കുന്നത്.ദലിത് ബുദ്ധിജീവിയും എഴുത്തുകാരനുമായ ചന്ദ്രഭാന്‍ പ്രസാദാണ് പിന്നിലുള്ള ബുദ്ധികേന്ദ്രം.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മാത്രമേ ദലിതര്‍ക്ക് ഉയരാന്‍ കഴിയുകയുള്ളുവെന്ന ചിന്തയാണ് ഇതിലേക്ക് വഴി
തുറന്നിരിക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തില്‍ ഉയരങ്ങളിലെത്താന്‍ കഴിയുകയുള്ളൂ
എന്നതിനാല്‍ ഇംഗ്ലീഷ് ഭാഷയെ ദേവതയായി ഉള്‍ക്കൊണ്ട് ഭാഷ പ്രചരിപ്പിക്കാനാനുള്ള ശ്രമം. ദലിതരുടെയിടയില്‍
ഇംഗ്ലീഷ് പഠിക്കുന്നതിന് പ്രാമുഖ്യം ലഭ്യമാക്കാന്‍ ഇതിനെ വിശ്വാസത്തിന്റെ ഭാഗമാക്കി മാറ്റികൊണ്ടുള്ള
നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
           ഏകദേശം പത്തുലക്ഷം രൂപ ചെലവിലാണ് ക്ഷേത്ര നിര്‍മ്മാണം.ഒറ്റനില ക്കെട്ടിടത്തില്‍  കറുത്ത
ഗ്രാനൈറ്റ് പാകിയ മൂന്നടി വലിപ്പമുള്ള’ദലിത് ഇംഗ്ലീഷ് ദേവത’യുടെ പ്രതിമ.തൊപ്പിധരിച്ച് പേന കൈയ്യിലേന്തിയ
പ്രതിമ. മെക്കാളെ ചിത്രത്തിന്റെ രൂപസാദൃശ്യമുണ്ട്....ഈ വെങ്കല പ്രതിമക്ക്.കമ്പ്യൂട്ടര്‍ രൂപമുള്ള പീഠത്തിലാണ്
പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.ക്ഷേത്രത്തിന്റെ മതിലുകളില്‍ വിവിധ ശാസ്ത്ര സമവാക്യങ്ങളും ഇംഗ്ലീഷ് ചൊല്ലുകളും
ഒരു ആധുനികത വരുത്തുമെന്ന് സംഘാടകര്‍ പറയുന്നു.പ്രാദേശികമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനമായിരിക്കും ഇവിടെ പ്രാര്‍ത്ഥനാ സമയത്ത് ആലപിക്കുക.
          മെക്കാളെ ക്ഷേത്രങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്നതിനേകുറിച്ചും ആലോചിക്കുന്നുണ്ട്.ഇംഗ്ലീഷ് ഭാഷയെ പ്രകീര്‍ത്തിക്കുന്ന  സമ്പന്ന വര്‍ഗ്ഗത്തെ മെക്കാളൈറ്റ് എന്നു വിളിച്ച് പരിഹസിച്ചിരുന്നു.ഒരു ഭാഷ പഠിക്കുന്നതിനേയുംഭാഷയെ അറിവു വര്‍ദ്ധിക്കുന്നതിനായി ഉപയോഗിക്കുന്നതിനേയും അംഗീകരിക്കുമ്പോഴും ഭാഷയെ ആരാധിക്കുന്ന, വിഗ്രഹവല്‍ക്കരിക്കുന്ന പ്രവണതകള്‍ക്കെതിരെയുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.ഇംഗ്ലീഷ് ഭാഷയും മെക്കാളെയും ദൈവതുല്യമാണന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മറ്റൊരു വാദം.
സ്വന്തം ഭാഷയെ ഉപേക്ഷിച്ച്  ഇംഗ്ലീഷ് മാത്രം പഠിക്കുന്നത് സൃഷ്ടിക്കുന്ന അപകടങ്ങളെകുറിച്ച് വിമര്‍ശനം 
ഉന്നയിക്കുന്നവര്‍ ഓര്‍മ്മപ്പെടുത്തുന്നു..........
             അല്പം പരിഹാസത്തോടെ ഈ വാര്‍ത്ത  കൊടുക്കുമ്പോള്‍ പൊതു സമൂഹം ,ഈ വിഷയത്തെ എങ്ങനെ സമീപിക്കുമെന്ന് കാണേണ്ടതുണ്ട്.
1.നിലവിലുള്ള ഭക്തിസ്ഥാപനങ്ങളെ നിഷേധിക്കുകയും അഴിച്ചുപണിയുകയും ചെയ്യുന്നു.
2.ഹിന്ദുമതത്തിലേക്കു ചേര്‍ക്കപ്പെട്ട  ദലിത് ബഹുജന ജനത,ഹൈന്ദവ ദേവീ-ദേവ സങ്കല്പങ്ങളെ നിരാകരിച്ച്, ആധുനികതയെ പ്രത്യയശാസ്ത്രമായി സ്വീകരിക്കുന്നു.
3.ഭാഷയേയും ദേശീയ-സാംസ്കാരിക വൈവിധ്യങ്ങളെയും സംരക്ഷിക്കാനുള്ള ചുമതല കീഴാള ജാതിസമൂഹങ്ങള്‍ക്കു മാത്രമാണന്ന പൊതുബോധം നിരാകരിക്കുന്നു.
4.കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കീഴാളജാതി സമൂഹത്തിന്റെ സമര ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ചില ചിത്രങ്ങളുണ്ട്.
ഹൈന്ദവ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ബിംബങ്ങള്‍ക്കുമെതിരെ പ്രതി-സംസ്കാരത്തെ(counter cultuare ) സ്ഥാപിച്ചുകൊണ്ടാണ് കീഴാളര്‍ പ്രതിരോധിച്ചിരുന്നത്. രാമനെതിരെ രാവണനെയും ആര്യനെതിരെ ദ്രാവിഡ ബോധത്തെയും പ്രതിസ്ഥാപിക്കുന്നതില്‍  തുടങ്ങി ഒരറ്റത്ത് പ്രാദേശിക ദൈവങ്ങളും ഗുരുക്കന്മാരും(വൈകുണ്ഠ സ്വാമികള്‍,ശ്രീ നാരായണഗുരു,പൊയ്കയില്‍ അപ്പച്ചന്‍ ,ശുഭാനന്ദ ഗുരുദേവന്‍) ഇങ്ങേ അറ്റത്ത് മഹാത്മാ ഗാന്ധിയ്ക്കെതിരെ അംബേദ്ക്കര്‍ വരെ നീളുന്നു ആ കീഴ്മേല്‍ മറിക്കല്‍. എന്നാല്‍ ഉത്തരാധുനികതയുടെ പ്രശ്നമണ്ഡലം കുറേക്കൂടി വിപുലവും ജനാധിപത്യപരവുമായ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്.അതായത് ,ശ്രേണീകൃതമായ ജാതിസമൂഹങ്ങളില്‍(മേല്പോട്ട് ആഢ്യത്വം കൂടുകയും കീഴോട്ട് മ്ലേഛത്വം കൂടുകയും-Ascending order of reverence and descending degree of contempt)ഉയര്‍ന്ന തലത്തിലുള്ള ബ്രാഹ്മണന്,കൊളോണിയല്‍ ആധുനികതയില്‍ സ്വയം അഴിച്ചുപണിയേണ്ടിവരുന്നു.മതപരമായ വിലക്കുകളെ അവഗണിക്കേണ്ടിവന്നു.ഇംഗ്ലീഷ് വിദ്യാഭ്യാസവും സാങ്കേതികതയും നേടി സായിപ്പിന്റെ വിശ്വസ്ത സേവകരായി, അധികാരത്തിന്റെ മറ്റൊരു രൂപം സ്വന്തമാക്കി.(രണ്ടാം ലോകമഹായുദ്ധം, ജര്‍മ്മനി ജയിക്കുമെന്നു തോന്നിയപ്പോള്‍ തന്നെ ബംഗാളിലെ ബ്രാഹ്മണര്‍ ജര്‍മ്മന്‍ ഭാഷയും ടൈപ്പുറൈറ്റിങ്ങും പഠിക്കാന്‍ തുടങ്ങിയതും പിന്നീടത് ഉപേക്ഷിച്ചതും ചരിത്രം).അക്ഷരവും അറിവും നിഷേധിക്കാന്‍ ഈയവും ഉരുക്കിനടന്നവര്‍ പിന്നീട് എല്ലാ ജ്ഞാനരൂപങ്ങളില്‍ നിന്നും കീഴാള ജനസമൂഹത്തെ മാറ്റിനിര്‍ത്താന്‍ പദ്ധതികളാവിഷ്ക്കരിച്ചു .ഭാഷാസ്നേഹം മുതല്‍ ഡിപിയീപ്പി വരെ അതിന്റെ ഭാഗമാണ്.ഇവിടത്തെ CBSE,ICSE സിലബസിലുള്ള സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ശ്രദ്ധിക്കുക.മധ്യവര്‍ഗ്ഗ-മധ്യമജാതി സമൂഹങ്ങളില്‍ നിന്നും മേല്‍പ്പോട്ടുള്ളവരാണ്.അവരെ ഒരുതരത്തിലും ബാധിക്കാതെയാണ്,പരിഷ്ക്കാരങ്ങളത്രയും.


                ഇവിടെ പ്രധാനമായും സൂചിപ്പിക്കുന്നത്,ദലിത്-ബഹുജന പ്രത്യയശാസ്ത്രം, ജനാധിപത്യപരവും നിര്‍മ്മാണാത്മകവുമായ(constructive) നിലപാടാണ് സാമൂഹ്യനിര്‍മ്മിതിയില്‍ സ്വീകരിക്കുന്നതെന്നാണ്.അതായത് ബ്രാഹ്മണന്റെ ജനാധിപത്യാവകാശത്തെയും മാനിക്കുന്നു.ആര്യ-വേദ സംസ്കാരത്തിന്റെ എല്ലാ അ(കു)യുക്തികളേയും നിലനിര്‍ത്തി യൂറോപ്യന്‍ ആധുനികതയുടെ സുഖസൌകര്യങ്ങള്‍ സ്വാംശീകരിക്കുമ്പോഴും കീഴാള ജനസമൂഹങ്ങള്‍  ഈ ആധുനികതയെ സ്വാംശീകരിക്കുന്നതാണ്’പ്രശ്നം’.
അതുകൊണ്ടാണ്,ഇംഗ്ലീഷ് ഭാഷയേയും മെക്കാളെയേയും ദൈവതുല്യമായി ആരാധിക്കുന്നത് അംഗീകരിക്കാനാവില്ലന്നു പറയുന്നത്.