Aug 11, 2010

ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)

വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച് അവരുടെ  സംഘടന വളര്‍ത്താന്‍ വേണ്ടി നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് രണ്ടാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെ)

ഗാന്ധി ഒരു മഹാത്മാവാണോ ? ഡോ.അംബേദ്കര്‍ പറയുന്നു.

ഗാന്ധി ഒരു മഹാത്മാവാണോ ? ഈ ചോദ്യം പലപ്പോഴും പലയാളുകളും ഡോ.അംബേദ്കറോട് ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ ഏറ്റവും വെറുപ്പിക്കുന്ന ചോദ്യമായിരുന്നു ഇത്. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ അടങ്ങുകയില്ലെന്ന് 'ചിത്രാ' യെന്ന മറാഠി മാസികയുടെ പത്രാധിപര്‍ ശഠിച്ചപ്പോള്‍ അദ്ദേഹത്തിനു മറുപടിയായി ഡോ.അംബേദ്കര്‍ എഴുതിയ ലേഖനമാണിത്.

പൊതുവെ പറഞ്ഞാല്‍ ഒരു സാധാരണഹിന്ദു  മഹാത്മായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പ്രത്യേക തരത്തിലുള്ള ഒരു വേഷവും അസാധാരണമായ ചില സ്വഭാവ വിക്രിയകളും ഒരു വിശ്വാസ പ്രമാണവും അയാള്‍ക്കുണ്ടായിരിക്കണം. ഈ മൂന്നു കാര്യങ്ങളും ഒരു മഹാത്മാവാകാനുള്ള യോഗ്യതകളാണെങ്കില്‍, വിദ്യാവിഹീനരും അജ്ഞാനികളുമായ സാധാരണ ഹിന്ദുക്കളുടെ കണ്ണില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്.
 

വികൃതവും പ്രാക‍തവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും. സാധാരണ രീതിയില്‍ വസ്ത്രം ധരിച്ച് സാധാരണ ജീവിതം നയിക്കുന്ന ഒരാള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്താലും അയാളെ  ആരും ഇവിടെ നോക്കുക പോലും ചെയ്യില്ല. എന്നാല്‍ താടിയും മുടിയും വളര്‍ത്തി അസാധരണ രീതിയില്‍ പെരുമാറുകയോ വസ്ത്രവിഹീനനായി  അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് പിച്ചും പേയും പറയുകയോ, ആകാശത്തേക്കു നോക്കി തൊഴുകയോ, ഓടയില്‍ നിന്ന് വെള്ളം മുക്കി കുടിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ അയാളുടെ കാല്‍ക്കല്‍  വീണ് വണങ്ങാന്‍ തുടങ്ങും. അജ്ഞാനത്തിലും അന്ധവിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന സാധാരണക്കാര്‍ക്ക് ഗാന്ധിയുടെ ഉപദേശങ്ങള്‍ നന്നായി തോന്നും. സത്യത്തിനുവേണ്ടി ദൈവത്തെയും ദൈവത്തിനു വേണ്ടി സത്യത്തെയും താന്‍ ആരായുകയാണെന്ന ഗാന്ധിയന്‍ പ്രഖ്യാപനത്തില്‍ ഭ്രമിച്ച് ആളുകള്‍ അദ്ദേഹത്തെ  പിന്തുടരുന്നു.
 

ത്യവും അഹിംസയും മഹത്തായ തത്വങ്ങളാണെന്നും അവയാണ് തന്റെ ജീവിതാദര്‍ശങ്ങളെന്നും ഗാന്ധി പറഞ്ഞു. പക്ഷേ, ഈ ആദര്‍ശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ലോകത്തിനു പ്രദാനം ചെയ്തത് ശ്രീബുദ്ധനായിരുന്നു. മനുഷ്യര്‍ക്ക് ലഭിക്കുന്ന പ്രയോജനത്തെ ആസ്പദമാക്കി വേണം ഒരാദര്‍ശത്തിന്റെ മൂല്യം വിലയിരുത്തേണ്ടത്. ഈ തത്വങ്ങളെ ജീവിതാദര്‍ശങ്ങളായി അംഗീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട ഗാന്ധിക്ക് അവയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പൊതുവായ നന്മയോ സാംസ്കാരിക ബോധമോ ജനങ്ങള്‍ക്കു നേടിക്കൊടുക്കുവാന്‍ കഴിഞ്ഞോ ? ജീവിതകാലം മുഴുവന്‍ ദൈവാന്വേഷണവും സത്യാന്വേഷണവും നടത്തിയ ഗാന്ധിക്ക് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വല്ല പ്രശ്നങ്ങള്‍ക്കും പോംവഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ?
 

ഞാന്‍ വളരെ സൂഷ്മമായി ഗാന്ധിയുടെ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആത്മാര്‍ത്ഥതയേക്കാള്‍ കൂടുതല്‍ കാപട്യമാണ് അദ്ദേഹത്തില്‍ എനിക്കു കാണാന്‍ കഴിയുന്നത്. എനിക്ക് ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെയും പ്രസ്താവനകളെയും ഒരു കള്ളനാണയത്തോടുപമിക്കാന്‍ മാത്രമേ കഴിയുന്നുള്ളു. ഗാന്ധിയുടെ വിനയം വെറുമൊരു പുറംപൂച്ച് മാത്രമാണ്. സ്വതസിദ്ധമായ കൌശലവും തന്ത്രവുമാണ് ഗാന്ധിയെ പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയിലെത്തിച്ചത്.
 

തന്റെ നൈസര്‍ഗികമായ ആത്മാര്‍ത്ഥതയിലും സല്‍സ്വഭാവത്തിലും കഴിവിലും പൂര്‍ണമായി വിശ്വാസമുള്ള ഒരാള്‍ക്കു മാത്രമേ മഹാനാകാന്‍ കഴിയുന്നുള്ളു. അങ്ങനെയുള്ള ഒരാള്‍ക്ക് ഒരു കഠാര തന്റെ തുണിക്കുള്ളില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല.

നെപ്പോളിയന്‍ തന്റെ ശത്രുക്കളെ മുന്‍നിരയില്‍ നിന്നു മാത്രമേ എതിര്‍ത്തിട്ടുള്ളു. ചതിയിലും വഞ്ചനയിലും ഒരു കാലത്തും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. കുതികാലുവെട്ടും മുതുകില്‍ കുത്തും അദ്ദേഹം നടത്തിയിരുന്നില്ല. ദുര്‍ബലന്റെയും ഭീരുവിന്റെ ആയുധങ്ങളാണ് ചതിവും വഞ്ചനയും. ഗാന്ധി എല്ലായ്പ്പോഴും ആ ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. താന്‍ ഗോഖലയുടെ വളരെ വിശ്വസ്തനായ ഒരു ശിഷ്യനാണെന്ന് വളരെക്കാലം അവകാശപ്പെട്ടു. അതിനുശേഷം തിലകനെ പുകഴ്ത്താന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞ് തിലകനെ വെറുത്തു. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. തിലകന്റെ പേര് ഉപയോഗിച്ചില്ലെങ്കില്‍ സ്വരാജ്യ ഫണ്ടിലേക്കു ഒരു കോടി രൂപ പിരിക്കാന്‍ കഴിയില്ലെന്ന് ഗാന്ധിക്കറിയാമായിരുന്നതു കൊണ്ടാണ് ആ ഫണ്ടിന് 'തിലക് ഫണ്ട് ' എന്ന പേരു കൊടുത്തത്.
 

ക്രിസ്തുമതത്തിന്റെ ജന്മശത്രുവായിരുന്നു ഗാന്ധി. പക്ഷേ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പാശ്ചാത്യരെ പ്രീണിപ്പിക്കാന്‍ വേണ്ടി എപ്പോഴും ബൈബിളില്‍ നിന്നും വാക്യങ്ങള്‍ ഗാന്ധി ഉദ്ധരിക്കാറുണ്ട്.
 

ഗാന്ധിയുടെ ശരിയായ സ്വഭാവം എന്തായിരുന്നുവെന്ന് തെളിയിക്കാനാന്‍ വേണ്ടി രണ്ടു ഉദാഹരണങ്ങള്‍ എനിക്കിവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.

പട്ടികജാതിക്കാരുടെ പ്രതിനിധികളായി  അവരുടെ നേതാക്കന്മാരെ ബ്രിട്ടീഷ് ഗവണ്മെന്റ്  വട്ടമേശസമ്മേളനത്തില്‍ ക്ഷണിച്ചിരുന്നു. അവരുടെ അവകാശങ്ങള്‍ക്കെതിരായി താന്‍ ഒരിക്കലും നില്‍ക്കുകയില്ലെന്ന്  ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ അവരുടെ ന്യായമായ അവകാശങ്ങള്‍ അവരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ അവതരിച്ചപ്പോള്‍ ഗാന്ധി തന്റെ വാഗ്ദാനം മറന്ന് അവയെ ശക്തമായി എതിര്‍ത്തു. ഈ പ്രവര്‍ത്തി പട്ടികജാതിക്കാരുടെ നേരെ ഗാന്ധി കാണിച്ച വിശവാസ വഞ്ചനയാണ്. കൂടാതെ മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളെ  ഗാന്ധി രഹസ്യമായി സമീപിച്ച് അവര്‍ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കെതിരായ ഒരു നിലപാട് സമ്മേളനത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍ അവരുടെ (മുസ്ലീങ്ങളുടെ ) പതിനാല് ആവശ്യങ്ങളെയും താന്‍ പിന്താങ്ങുമെന്ന് ഗാന്ധി അവര്‍ക്ക് ഉറപ്പു നല്‍കി. ഒരു പടുകള്ളന്‍ പോലും ഇപ്രകാരം ചെയ്യാന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. പക്ഷേ ഗാന്ധി അത് ചെയ്തു. ഗാന്ധിയന്‍ വഞ്ചനകളുടെ ഒരു ഉദാഹരണം മാത്രമാണിത്.

നെഹ്രു കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചക്കു വേണ്ടി കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുസ്ലീങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭേദഗതി ഈ റിപ്പോര്‍ട്ടില്‍ വരുത്തണമെന്ന ജിന്നയുടെ ആവശ്യമനുസരിച്ചാണ് ഈ ഭേദഗതി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതിനെ ശക്തമായി എതിര്‍ക്കാന്‍ ഗാന്ധി ജയക്കറെ രഹസ്യമായി  പ്രേരിപ്പിച്ചു. ജയക്കറും കൂട്ടരും ചേര്‍ന്ന് അതിനെ നഖശിഖാന്തം എതിര്‍ത്തു. മോട്ടിലാല്‍ നെഹ്രു മുസ്ലീങ്ങളുടെ എല്ലാ അവകാശങ്ങളും അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അനുവദിച്ചു കൊടുത്തുവെന്നും അവയില്‍ കൂടുതലായി ഒന്നും തന്നെ ഇനിയും അനുവദിച്ചു കൊടുക്കാന്‍ പാടില്ലെന്നുമായിരുന്നു ഗാന്ധിയുടെ നിലപാട്. ഇത് വെളിയില്‍ പറയാതെ ജയക്കറേയും കൂട്ടരേയും ഇളക്കിവിടുകയാണ് ഗാന്ധി ചെയ്തത്. ഈ രഹസ്യം സമ്മേളനത്തില്‍ പങ്കുകൊണ്ടിരുന്ന എല്ലാ പ്രമുഖ നേതാക്കന്മാര്‍ക്കും അറിയാമായിരുന്നു.

പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്രുവിനെ അപമാനിക്കാന്‍ കൂടിയാണ് ഈ ഭേദഗതിയെ ഗാന്ധി എതിര്‍ത്തത്. ഹിന്ദു-മുസ്ലീം ശത്രുതക്കുള്ള പ്രധാന കാരണം ഗാന്ധിയുടെ ഇത്തരത്തിലുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളാണ്. പട്ടികജാതിക്കാരുടെയും മുസ്ലീങ്ങളുടെയും ഉറ്റ ബന്ധുവാണെന്നും അവരുടെ എല്ലാത്തരത്തിലുമുള്ള നന്മക്കും വേണ്ടി അടിയുറച്ചു നില്‍ക്കുന്ന ഒരനുഭാവിയാണെന്നും പ്രഖ്യാപിച്ചു നടന്ന ഗാന്ധി തന്നെയാണ് തക്കസമയത്ത് യാതൊരു മടിയുമില്ലാതെ അവരെ വഞ്ചിച്ചത്. ഇത് വളരെ വേദനിപ്പിച്ച ഒരു കാര്യമാണ്. ഗാന്ധിയുടെ ഇത്തരം ചതിവുകളെ വെളിപ്പെടുത്തുവാന്‍ ഉതകുന്ന ഒരാപ്തവാക്യമുണ്ട്. (ഭഗവല്‍ മെ ചുരി മൂവ് മെ റാം റാം) "കക്ഷത്ത് കഠാരയും ചുണ്ടില്‍ രാമനാമവും". അങ്ങനെയുള്ള ഒരാളെ മഹാത്മാവെന്ന് വിളിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ വെറുമൊരു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മാത്രമാണ്. "ചിത്ര"യുടെ പത്രാധിപര്‍ ഇത്രയും കൊണ്ട് തൃപ്തിപ്പെടുമെന്ന് ഞാന്‍ കരുതുന്നു.


(അവലംബം:- ഗാന്ധിസം അധഃസ്ഥിതന്റെ അടിമച്ചങ്ങല - റ്റി.കെ. നാരായണന്‍)


കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക