Jan 28, 2010

നാരായണ ഗുരു നവോത്ഥാന നായകനോ ?


കേരളാ യുക്തിവാദി സംഘം വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ശ്രീ.രാജഗോപാല്‍ വാകത്താനം ഇത്തരം  സന്ദേഹം മുന്നോട്ടു വയ്ക്കുന്ന ഒരു കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം ഉയര്‍ത്തുന്ന പ്രബലമായ ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് സമകാലിക മലയാളം വാരികയില്‍ എം.വി. സുബ്രഹ്മണ്യം എന്നയാള്‍, രാജഗോപാലിന്റെ വാദങ്ങള്‍ക്ക് യുക്തിയില്ല എന്നു ആരോപിക്കുന്നു. ഇതിന് ശ്രീരാജഗോപാല്‍ കൊടുക്കുന്ന മറുപടി സാംഗത്യമുള്ളതിനാല്‍ ഇവിടെ ചര്‍ച്ചക്കായി കൊടുക്കുന്നു.

1) ‘നവോത്ഥാനം’ എന്നു യൂറോപ്പില്‍ വ്യവഹരിക്കപ്പെടും വിധം ഒരു പൊളിച്ചെഴുത്ത് ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. മതത്തിനുപകരം മനുഷ്യത്വത്തെ സ്ഥാപിക്കുന്ന നവോത്ഥാനപ്രക്രിയയല്ല, മത-സാമുദായികപരിഷ്ക്കരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.

2) ഫ്യൂഡലിസത്തോടു കണക്കു തീര്‍ക്കാതെ, അടിമത്തത്തിനെതിരെ നിലപാടെടുക്കാത്ത, ജാതിഭീകരതകള്‍ക്കെതിരെ ക്രിയാത്മക നിരാകരണമില്ലാത്ത കേരളത്തില്‍ എവിടെയാണ്, എന്നാണ് നവോത്ഥാനം ഉണ്ടായത് ? നടക്കാത്ത നവോത്ഥ്ഹനത്തിന് എന്തിനാണ് നായകനെത്തേടുന്നത് ? EMS-ഉം P.K .ഗോപാലകൃഷ്ണനുമടക്കമുള്ളവര്‍  തമസ്ക്കരിച്ച ചരിത്ര സന്ധികളെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.

3) നവദര്‍ശനങ്ങളിലെ ആറ് നാസ്തിക ദര്‍ശനങ്ങളെ മാറ്റിവെച്ച് വേദാന്തത്തെ ഉയര്‍ത്തി പിടിക്കുന്ന കപട വൈദികവാദികളുടെ തുടര്‍ച്ചയാണ് നാരായണഗുരുവിലും കാണുന്നത്. അദ്വൈതത്തെ അംഗീകരിക്കുക വഴി ‘ഹൈന്ദവ’ പാരമ്പര്യവാദത്തെ ആവര്‍ത്തിക്കുകയാണ് ഗുരു ചെയ്തത്. അദ്ദേഹത്തിന്റെ കൃതികളെ സാക്ഷ്യപ്പെടുത്തി കൊണ്ടാണ് ഞാനിതു ഉന്നയിച്ചത്. അതുകൊണ്ടു തന്നെയാണ്- ‘ആര്‍ഷഭാരത‘ വാദികള്‍ക്ക് ഗുരു സ്വീകാര്യനായത്.(മതത്തെ നിരാകരിച്ച സഹോദരന്‍ അയ്യപ്പന്‍  അസ്വീകാര്യനായതും) ഇന്ന് ഗുരു ദൈവവും അവതാരവുമായി മാറിയതും മറ്റൊന്നും കൊണ്ടല്ല.

4) ‘പലമതസാരവുമേകമാം’ എന്നൊക്കെയുള്ള ഗുരുവചനങ്ങള്‍ അബദ്ധങ്ങളാണ്. ഓരോ മതവും അന്യമതങ്ങള്‍ക്കെതിരെ ഉണ്ടായ വിരുദ്ധ വാദങ്ങളാണെന്ന സത്യമിരിക്കെ ഇത്തരം സമീകരണങ്ങള്‍ക്ക് എന്താണര്‍ത്ഥം ? അതു പറഞ്ഞ ഗുരു എഴുതി കൂട്ടിയത് വിഷ്ണു, ശിവന്‍ , സുബ്രഹ്മണ്യ സ്തോത്രങ്ങളാണ്. ക്രിസ്തു- മിശിഹാ- അള്ളാ കീര്‍ത്തനങ്ങളൊന്നും എഴുതിയിട്ടുമില്ല. താന്‍  സ്ഥാപിച്ച ഒരു ക്ഷേത്രങ്ങളിലും ക്രിസ്തുവിനേയോ പരിശുദ്ധാത്മാവിനേയോ ചന്ദ്രക്കലയേയോ പ്രതിഷ്ഠിച്ചിട്ടുമില്ല.

5) ‘ഒരു ജാതി’ ഏത് ജാതിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതു മനുഷ്യ ജാതിയായിരുന്നെങ്കില്‍ ഈഴവരുടെ സംഘടനയായിരുന്നില്ല ഉണ്ടാക്കേണ്ടിയിരുന്നത്. തന്റെ സമുദായം തന്നേയും തള്ളിക്കളയുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജാതിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചത്.
                     ഗുരുവിന്റെ ജീവിത ഘട്ടത്തിലോ കൃതികളിലോ ജാതിവിരുദ്ധത, ജാതിനശീകരണമായി രൂപപ്പെടുന്നില്ല. രക്തത്തില്‍ വരെ ജാത്യാന്ധതയുമായിക്കഴിയുന്ന ഇന്ത്യന്‍ മണ്ണില്‍ ‘ജാതി ബ്നശീകരണം’ ലക്ഷ്യമാക്കാത്ത ഒരാളേയും പുരോഗമന കാരിയായി പരിഗണിക്കാനാവില്ല. ഭൂവുടമസ്ഥത, സമൂഹികാന്തസ്, സാമൂഹ്യനീതി ഒക്കെ ജാതിബദ്ധമായിരിക്കുന്ന ഇന്ത്യയില്‍ അതിനെതിരെ കൃത്യമായി നിലപാടു പ്രഖ്യാപിക്കാനും പ്രയോഗിക്കാനുമുള്ള ബാദ്ധ്യത നായകന്മാര്‍ക്കുണ്ട്. സഹോദരന്‍ നടത്തിയ ‘മിശ്രഭോജനത്തെ’ ഗുരു എതിര്‍ത്തതും താന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കാഞ്ഞതും എന്തുകൊണ്ടാണെന്ന എന്റെ ചോദ്യങ്ങളുടെ ചരിത്രപശ്ച്ചാത്തലം ഈ കൃതില്‍ വ്യക്തമാക്കുന്നുണ്ട്.

6) കേരള സാമൂഹിക പരിഷ്ക്കരണ പ്രക്രിയ നാരയണ ഗുരുവിലല്ല തുടങ്ങുന്നത്. ചാന്നാര്‍ ലഹള്‍കള്‍ നടക്കുമ്പോള്‍ ഗുരു ജനിച്ചിട്ടില്ല. അരുവിപ്പുറം പ്രതിഷ്ടയ്ക്ക്  36 വര്‍ഷം മുന്‍പ് ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ ഇടയ്ക്കാട് ശിവക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയിരുന്നു. ഗുരു കണ്ണാടി പ്രതിഷ്ഠിക്കുന്നതിനും മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് വൈകുണ്ഠസ്വാമി നാഗര്‍കോവിലില്‍ കണ്ണാടി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.
            നാരായണഗുരുവിന്റെ കാലം കേരളത്തില്‍ പ്രക്ഷോഭങ്ങളുടെ വേലിയേറ്റകാലമായിരുന്നു. മൂക്കുത്തിലഹള (1852-വേലായുധപ്പണിക്കര്‍) മലയാളിമെമ്മോറിയല്‍ (1891) ഈഴവമെമ്മോറിയല്‍(1896) ബൈബിള്‍ ദഹനം(1899-പൊയ്കയില്‍ അപ്പച്ചന്‍) കാര്‍ഷികസമരം (1907-അയ്യങ്കാളി) കായലിലെ പുലയസമ്മേളനം (1912-പണ്ഡിറ്റ് കറുപ്പന്‍) കല്ലുമാലബഹിഷ്ക്കരണവും മാറുമറയ്ക്കലും(1915-അയ്യങ്കാളി, വെള്ളിക്കരചോതി) മിശ്രഭോജനം(1917-സഹോദരന്‍ അയ്യപ്പന്‍) വൈക്കം സത്യാഗ്രഹം(1924-25) ഗുരുവായൂര്‍ സത്യാഗ്രഹം(1931) തുടങ്ങിയ ഒട്ടേറെ പോരാട്ട വീഥിയിലും നാരായണഗുരുവിനെ ആരും കണ്ടിട്ടില്ല. ഇതിന്റെയൊക്കെ അര്‍ത്ഥം ഗുരു മോശക്കാരനായിരുന്നു എന്നല്ല സമുദാ‍യ പരിഷ്ക്കരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അക്കാലത്ത് അത് പ്രസക്തവുമായിരുന്നു.അതിന്റെ മൂല്യം കുറച്ചു കാണെണ്ടതുമില്ല. പക്ഷേ ഡോ: പള്‍പ്പുവും കുമാരനാശാനും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഗുരു ഉണ്ടാകുമായിരുന്നോ എന്ന സംശയവും ഈ കൃതിയില്‍ ഉന്നയിക്കപ്പെട്ടിണ്ടുണ്ട്.

5 comments:

chithrakaran:ചിത്രകാരന്‍ said...

വളരെ പ്രസക്തമായ ചോദ്യങ്ങള്‍.
സ്വന്തം പ്രതിമ സ്ഥാപിച്ചതിന്റെ ഉദ്ഘാടന കര്‍മ്മം ഇയ്യാളുതന്നെ നടത്തിയതാണെന്നുതോന്നുന്നു ഇയ്യാളു
ചെയ്ത കടുത്ത സമൂഹ്യദ്രോഹം.
അതിന്റെ ഫലമായി കേരളത്തിലെ തെരുവോരങ്ങളിലുടനീളം നാരായണഗുരുവിന്റെ
സിമന്റു പ്രതിമകള്‍ പിച്ചക്കിരുത്തുന്ന ദയനീയ
സംസ്ക്കാരം രൂപപ്പെടുകയും ഇയ്യാള്‍ ഉദ്ദരിച്ചുകൊണ്ടുവന്ന
ഈഴവ സമൂഹം മുന്‍പത്തേക്കാള്‍ ശോചനീയമായ രീതിയില്‍ മന്ദബുദ്ധിവല്‍ക്കരിക്കപ്പെടുകയും ചെയ്തു.
ഇപ്പോള്‍ ബ്രാഹ്മ്മണ ജനത പാര്‍ട്ടിയുടെയും
ഹൈന്ദവ ക്ഷേത്രങ്ങളുടേയും കറവപ്പശുക്കളായി
ഈഴവ സമൂഹം നിലകൊള്ളുന്നു.
ഇതിന്റെ മൊത്തം കാരണക്കാരില്‍ മേജര്‍ ഷെയര്‍
ഇച്ചങ്ങാതിക്കുതന്നെ !!!

ചാണക്യന്‍ said...

ഈഴവ സമുദായ പരിഷ്കർത്താവും ഹൈന്ദവതയുടെ പ്രചാരകനുമായിരുന്നു നാരയണ ഗുരു. പരിഷ്ക്കരിച്ച് അവസാനം ഈഴവ സമുദായത്തെ ശങ്കരന്റെ കാലടിയിൽ തന്നെ തളച്ചിടുകയാണ് ചെയ്തത്.

അസുരന്‍ said...

ചാര്‍വാകന്റെ സമയം അടുത്തിരിക്കുന്നതായി തോന്നുന്നു. ജീവിതം മടുത്തോ ? ഇത് സര്‍വ്വത്ര ഫാസിസത്തിന്റെ കാലമാണ്. സക്കറിയ ഭാഗ്യം കൊണ്ടാണു രക്ഷപെട്ടത് ! നാരായണഗുരുവിനെ കുറിച്ച് വസ്തുനിഷ്ഠമായ കാഴ്ച്ചപ്പാടാണ് ശ്രീ രാജഗോപാലിന്റേത്. ഇതു വെളിപ്പെടുത്തിയതിന്അഭിനന്ദനങ്ങള്‍ !

ചിത്രഭാനു Chithrabhanu said...

ചർച്ച ചെയ്യപ്പെടേണ്ട നിരീക്ഷണങ്ങൾ തന്നെ. എന്നാൽ ഗുരുവിനെ വെറും ഈഴവ വാദിയോ അഥവാ സവർണ്ണ വാദിയോ ആയി കാണാൻ നമുക്കാവില്ല. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും നടുവിൽ കിടന്നിരുന്ന ഒരു സമൂഹത്തെ നേരിട്ട് യുക്തിവാദത്തിൽ എത്തിക്കുക അസാധ്യം തന്നെ ആയിരുന്നു.
ബ്രാഹ്മണർ പറയുന്ന അദ്വൈതം കൊണ്ട് തന്നെ ജാതി വ്യവസ്ഥയെ എതിർത്തത് ഒരു വലിയ സംഭാവന തന്നെ ആണു. ആ അദ്വൈതത്തിൽനിന്നു വളരാനായില്ല എന്നത് ന്യൂനത തന്നെ.
എന്നാൽ സിനിമയിൽ കാണുന്നപോലെ കീഴാള ദൈവങ്ങളെ തച്ചുടച്ച് “നല്ല” ദൈവങ്ങളെ പ്രതിഷ്ട്ടിക്കുന്നത് എതിർക്കപ്പെടേണ്ടതാണു.

പിന്നെ ഹൈന്ദവ ഗ്രന്ഥങ്ങൾ അടിസ്ഥാനപരമായി ജാതി പരയുന്നില്ല എന്ന നിലപാടും തെറ്റാണു.
ലോകം ദൈവതാൽ നിയന്ത്രിതമാണു എന്നും ദൈവം മന്ത്രത്താൽ നിയന്ത്രിതനാണു എന്നും അതിനാൽ മന്ത്രം കൈകാര്യം ചെയ്യുന്ന ബ്രാഹ്മണൻ ദൈവതുല്യനാണു എന്നാണു മനു പറയുന്നത്!!

maanushikam said...

Guru sahodaran ayyappante pravarthanangale pinthangiyittuttennanu manasilakkiyittullathu. Jathi venda matham venda daivam venda ennu ayyappan paranjappol athu parayan samayamaayilla ennu guru paranjathayi kettittundu. Athayathu athu ulkkollan samoohathinu kazhiyilla ennu guru manasilaakkiyirunnu. Pala jaathiyil ninnu oru jaathiyil ethiyittu jathi venda ennu parayan guru agrahichirunnu ennu thonnunnu. Pakshe guruvine eezhavar tholppichu kalanju.